മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മുന്നിൽ മലക്കം മറിഞ്ഞ് ശശീന്ദ്രൻ
കോഴിക്കോട്: എൻ സി പി ദേശീയ സമിതിയംഗവും ഗതാഗത മന്ത്രിയുമായ എ കെ ശശീന്ദ്രന് ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് രാജി വെച്ചതിനെ തുടർന്ന് നടത്തിയ വാർത്ത സമ്മേളനത്തിൽ അടി പതറി. കോഴിക്കോട്ടെ പ്രസ് ക്ലബിൽ നടന്ന വാർത്ത സമ്മേളനത്തിലാണ് മാധ്യമങ്ങളുടെ മൂർച്ചയുള്ള ചോദ്യങ്ങൾക്ക് മുന്നിൽ അദ്ദേഹം മലക്കം മറിഞ്ഞത്.

ശരീര ഭാഷയും മലക്കം മറിയലുമെല്ലാം അദ്ദേഹം കുറ്റക്കാരനാണെന്ന തീരുമാനത്തിലേക്ക് തന്നെയാണ് വിരൽ ചൂണ്ടുന്നത്. കൂടാതെ ഇത്ര പെട്ടെന്നുണ്ടായ രാജി മുഖ്യമന്ത്രിയടക്കമുള്ള ഇടതുപക്ഷ ഭരണ നേതാക്കളുടെ സമ്മർദ്ധത്തിന്റെ ഫലമായാണെന്നും എല്ലാവരും കൈവിട്ടതോടെ വേറെ വഴിയില്ലാതെ മന്ത്രി രാജി വെക്കുകയായിരുന്നുവെന്നുമാണ് വിവരം.

രാവിലെയാണ് മംഗളം ചാനൽ മന്ത്രിയുടേതെന്ന രീതിയിൽ ലൈംഗിക സംഭാഷണം നടത്തുന്ന ശബ്ദരേഖ പുറത്ത് വിട്ടത്. കേട്ടാൽ അറപ്പുളവാക്കുന്ന സംഭാഷണം പരാതി നൽകാൻ മന്ത്രിയെ സമീപിച്ച ഒരു സ്ത്രീയുമായിട്ടുള്ളതാണെന്നും ചാനൽ വ്യക്തമാക്കിയിരുന്നു.
