KOYILANDY DIARY.COM

The Perfect News Portal

മഹാരാജാസ് കോളജില്‍ നിന്നും മാരകായുധങ്ങള്‍ കണ്ടെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളജില്‍ നിന്നും മാരകായുധങ്ങള്‍ കണ്ടെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍ നിന്നും കണ്ടെടുത്തവ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുപയോഗിക്കുന്ന പലക, വെട്ടുകത്തി, ഏണി തുടങ്ങിയവയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാര്‍ഥികള്‍ വേനലവധിക്ക് പോയ സമയം മറ്റാരെങ്കിലും അവ അവിടെ കൊണ്ടുവച്ചതാകാമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മഹാരാജാസ് കോളജിലെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍ വിദ്യാര്‍ഥികള്‍ക്കു താമസിക്കാന്‍ അനുവദിച്ച മുറിയില്‍നിന്നു കഴിഞ്ഞ ദിവസം വന്‍ ആയുധശേഖരം കണ്ടെത്തിയ സംഭവത്തിലാണു മുഖ്യമന്ത്രിയുടെ മറുപടി.

Advertisements

കലാലയങ്ങളെ ആയുധകേന്ദ്രമാക്കുന്നതു ചര്‍ച്ച ചെയ്യണമെന്നു പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ പി.ടി. തോമസ് എംഎല്‍എ നോട്ടീസ് നല്‍കുകയും ചെയ്തു. എന്നാല്‍, അടിയന്തര പ്രമേയമായി പരിഗണിക്കേണ്ട പ്രാധാന്യം വിഷയത്തിനില്ലാത്തതിനാല്‍ അനുവദിക്കുന്നില്ലെന്ന് സ്പീക്കര്‍ അറിയിക്കുകയായിരുന്നു.

താല്‍ക്കാലികമായി പരീക്ഷ കഴിയും വരെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കാന്‍ 16 വിദ്യാര്‍ഥികള്‍ക്ക് അനുമതി നല്‍കിയിരുന്നു. കാലപ്പഴക്കം ചെന്ന ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ അടച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ വിദ്യാര്‍ഥികള്‍ പോയ ശേഷം പ്രിന്‍സിപ്പലിന്റെ പരാതിയില്‍ സെന്‍ട്രല്‍ പോലീസ് നടത്തിയ പരിശോധനയില്‍ ആയുധങ്ങള്‍ കണ്ടെത്തുകയായിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

Share news

Leave a Reply

Your email address will not be published. Required fields are marked *