മലയാളി യുവാക്കളെ ഭീകരസംഘടനയായ ഐ എസിന് കൈമാറിയെന്ന കേസില്‍ ബിഹാര്‍ സ്വദേശിനിക്ക് ഏഴ് വര്‍ഷം കഠിന തടവ്

കൊച്ചി: മലയാളി യുവാക്കളെ വിദേശത്തേക്ക് കടത്തി ഭീകരസംഘടനയായ ദാഇഷിന് കൈമാറിയെന്ന കേസില്‍ ബിഹാര്‍ സ്വദേശിനി യാസ്മിന് മുഹമ്മദിന് ഏഴ് വര്‍ഷം കഠിന തടവ്. കേസിലെ വിചാരണ കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. കാസര്‍കോട് സ്വദേശികളായ 15 യുവാക്കളെ അഫ്ഗാനിസ്ഥാനിലേക്ക് കടത്തിയെന്നതാണ് കേസ്. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ഐ.എസ് കേസുകളില്‍ വിചാരണ പൂര്‍ത്തിയാക്കിയ ആദ്യ കേസാണിത്.
യാസ്മിന് കുറ്റക്കാരിയാണെന്നു കണ്ടെത്തിയ കോടതി ഇവര്‍ക്ക് ഏഴു വര്‍ഷത്തെ തടവുശിക്ഷ വിധിക്കുകയായിരുന്നു. 2016 ജൂലൈ 30നു മകനൊപ്പം വിദേശത്തേക്കു കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ വെച്ച് കേരളാ പോലീസാണു യാസ്മിനെ അറസ്റ്റു ചെയ്തത്. കാബൂളിലുള്ള ഭര്‍ത്താവ് അബ്ദുല്ല റഷീദിനടുത്തേക്കു പോകാന്‍ ശ്രമിക്കുന്നതിനിടെയാണു പിടിയിലായത്. പിടിയിലാകുമ്ബോള്‍ 70,000 രൂപയും 620 ഡോളറും യാസ്മിന്റെ പക്കല്‍നിന്നു പോലീസ് കണ്ടെടുത്തിരുന്നു.

യാസ്മിന് എതിരെ തീവ്രവാദ പ്രവര്‍ത്തന നിരോധന നിയമം (യുഎപിഎ) അനുസരിച്ചുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. ദുരൂഹസാഹചര്യത്തില്‍ കാസര്‍കോട് തൃക്കരിപ്പൂരില്‍നിന്നു കാണാതായവരില്‍ ഉള്‍പ്പെട്ട അബ്ദുര്‍ റാഷിദ് അബ്ദുല്ലയുമായി യാസ്മിന് അടുത്ത ബന്ധമുണ്ടായിരുന്നതായി അന്വേഷണസംഘം പറയുന്നു.

കേരളത്തില്‍ കോഴിക്കോട്, കാസര്‍കോട് എന്നിവിടങ്ങളിലായി മാസങ്ങളോളം താമസിച്ചിരുന്ന യാസ്മിന്, സംസ്ഥാനത്തെ പ്രശസ്ത സ്വകാര്യ സ്കൂളില്‍ അധ്യാപികയായി ജോലി ചെയ്തിരുന്നു. തുടര്‍ന്നാണ് ഇതേ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന അബ്ദുര്‍ റാഷിദ് അബ്ദുല്ലയുമായി പരിചയത്തിലായതെന്നു പോലീസ് പറഞ്ഞു. യാസ്മിന്റെ മൊബൈല്‍ ഫോണുകളും ലാപ്ടോപ്പും അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു.

വിചാരണയുടെ ഭാഗമായി 52 പ്രോസിക്യൂഷന് സാക്ഷികളെയും ഒരു പ്രതിഭാഗം സാക്ഷിയേയും കോടതി വിസ്തരിച്ചു. 50 തൊണ്ടിസാധനങ്ങളും പരിശോധിച്ചു. ശേഷിക്കുന്ന പ്രതികളെ കണ്ടെത്താന്‍ എന്‍.ഐ.എ. ഇന്റര്‍പോളിന്റെ സഹായത്തോടെ ശ്രമം തുടരുകയാണ്.
കാസര്‍കോട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് എന്‍ഐഎയ്ക്കു കൈമാറുകയായിരുന്നു. ഐഎസ് ആശയങ്ങള്‍ പ്രചരിപ്പിച്ചുവെന്നു തെളിഞ്ഞതിനെത്തുടര്‍ന്നു റാഷിദിനെ ഒന്നാം പ്രതിയായും യുഎപിഎ നിയമത്തിലെ വകുപ്പുകള്‍ ചുമത്തി യാസ്മിനെ രണ്ടാംപ്രതിയുമായാണ് കേസെടുത്തത്.
കോടതിവിധിക്കു പിന്നാലെ താന്‍ നിരപരാധിയാണെന്നും ഐഎസിന്റെ ഭാഗമല്ലെന്നും യാസ്മിന് പ്രതികരിച്ചു. സത്യം ഉടന്‍ പുറത്തുവരുമെന്നും അവര്‍ അറിയിച്ചു. ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വാസമുണ്ടെന്നും പറഞ്ഞ യാസ്മിന് താന്‍ ഇന്ത്യക്കാരി തന്നെയാണെന്നും രാജ്യത്തോടു ബഹുമാനമുണ്ടെന്നും അറിയിച്ചു.
