KOYILANDY DIARY.COM

The Perfect News Portal

മലപ്പുറത്ത് ബസിൽ യുവതിയെ കുത്തിക്കൊല്ലാൻ ശ്രമം

മലപ്പുറം; കെഎസ്ആർടിസി ബസിൽ യുവതിയെ കുത്തിക്കൊല്ലാൻ ശ്രമം. കുത്തിയ യുവാവ്  കഴുത്തറുത്ത് ആത്മഹത്യക്കും ശ്രമിച്ചു. മൂന്നാർ ബംഗളൂരു സ്വിഫ്റ്റ് ബസിൽ വ്യാഴാഴ്‌ച രാത്രി പതിനൊന്നോടെ മലപ്പുറം വെന്നിയൂരിൽ വച്ചായിരുന്നു അക്രമം. ഗൂഢല്ലൂർ ചെമ്പക്കൊല്ലി വീട്ടിൽ വാസുവിന്റെ മകൾ സീനയ്ക്കാണ് കുത്തേറ്റത്. വയനാട് മൂലങ്കാവ് സ്വദേശി സനിലാണ് ആക്രമിച്ചത്. ഇരുവർക്കും 30നടുത്ത് പ്രായം വരുമെന്ന് പൊലീസ് പറഞ്ഞു.

 

യുവതി അങ്കമാലിയിൽനിന്നും യുവാവ് എടപ്പാളിൽനിന്നുമാണ് ബസിൽ കയറിയത്. ഇരുവരും ബസിന്റെ പിൻവശത്തെ സീറ്റുകളിലായിരുന്നു. ബസ് ചങ്കുവെട്ടിയിൽ ഭക്ഷണത്തിനായി നിർത്തിയിരുന്നു. തുടർന്നുള്ള യാത്രയിൽ വെന്നിയൂരിലെത്തിയപ്പോഴാണ് കത്തിപോലുള്ള ആയുധംകൊണ്ട് യുവാവ് യുവതിയുടെ നെഞ്ചിൽ കുത്തിയത്.

യുവാവ് സ്വയം കഴുത്തറുക്കാനും ശ്രമിച്ചു. ഇരുവരെയും ഉടൻ തിരൂരങ്ങാടി താലൂക്കാശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇരുവരുടെയും പരിക്ക് ​ഗുരുതരമാണ്. സംഭവത്തിന്റെ കാരണം വ്യക്തമല്ല. ഇരുവരും പരിചയത്തിലുള്ളവരാണ് എന്നാണ് സൂചന. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Advertisements

 

Share news