KOYILANDY DIARY.COM

The Perfect News Portal

മദ്യപിക്കുന്നത് തടഞ്ഞതിന്റെ പേരില്‍ സെക്യൂരിറ്റി ജീവനക്കാരനെ ശ്വാസം മുട്ടിച്ചുകൊന്നു

തിരുവനന്തപുരം: മദ്യപിക്കുന്നത് തടഞ്ഞതിന്റെ പേരില്‍ സെക്യൂരിറ്റി ജീവനക്കാരനെ വളര്‍ത്തു മത്സ്യവില്‍പന കേന്ദ്രത്തിലെ സെയില്‍മാന്‍ തോര്‍ത്തുമുണ്ടു മുറുക്കി ശ്വാസം മുട്ടിച്ചുകൊന്നു. നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത് തലസ്ഥാന നഗരിയില്‍. അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ ഓഫീസ് വളപ്പിലെ മത്സ്യ സ്റ്റാളിലെ വില്‍പ്പനക്കാരനാണ് മദ്യം കഴിക്കുന്നത് വിലക്കിയതിന് സെക്യൂരിറ്റി ജീവനക്കാരനെ ക്രൂരമായി കൊലപ്പെടുത്തിയത്.

സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ നേമം ഇടപുഴവിളാകം ജനാര്‍ദന വിലാസത്തില്‍ മാധവന്‍നായരെ (72) കൊലപ്പെടുത്തിയ കേസില്‍ പോലീസ് പിടിയിലായ ജബ്ബാറിനെ ചോദ്യം ചെയ്തപ്പോഴാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഏഴ് വര്‍ഷം മുമ്ബാണ് മാധവന്‍നായര്‍ ഇവിടെ സെക്യൂരിറ്റി ജോലിക്കെത്തിയത്. സംഭവദിവസം രാത്രി മാധവന്‍നായര്‍ ഓഫീസിലെ മറ്റൊരു സെക്യൂരിറ്റിയുമായി സംസാരിച്ചിരുന്നു.

ഭക്ഷണത്തിനുശേഷം ഇരുവരും അവരവരുടെ ഡ്യൂട്ടി സ്ഥലത്തേക്ക് മടങ്ങി. ഓഫീസ് വളപ്പിലെ വളര്‍ത്തുമത്സ്യങ്ങളുടെ സ്റ്റാളില്‍ സെയില്‍സ്മാനായി കരാറടിസ്ഥാനത്തില്‍ ജോലിനോക്കുകയാണ് എറണാകുളം സ്വദേശിയും ഇപ്പോള്‍ വട്ടിയൂര്‍ക്കാവ് തോപ്പുമുക്കില്‍ താമസക്കാരനുമായ ജബ്ബാര്‍. പലപ്പോഴും രാത്രി ഓഫീസ് വളപ്പില്‍ കഴിഞ്ഞുകൂടുന്ന ജബ്ബാര്‍ സംഭവദിവസം രാത്രി മദ്യ ലഹരിയില്‍ മാധവന്‍ നായരുടെ മുറിയ്ക്ക് സമീപമെത്തി.

Advertisements

ഇതിനിടെ മദ്യപിക്കാനുപയോഗിച്ച ഗ്ലാസ് നിലത്ത് വീണ് ഉടഞ്ഞത് മാധവന്‍നായര്‍ ചോദ്യം ചെയ്തു. ഓഫീസ് വളപ്പില്‍ മദ്യപിക്കുന്നത് വിലക്കുകയും ചെയ്തു. ഇതോടെ ജബ്ബാര്‍ മാധവന്‍നായരെ തെറിവിളിച്ചു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റം നടക്കുകയും ചെയ്തു. പിന്നീട് ഉറങ്ങാന്‍കിടന്ന മാധവന്‍നായരെ ജബ്ബാര്‍ കഴുത്തില്‍ തോര്‍ത്ത് മുറുക്കി ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു.

ഉറങ്ങാന്‍ കിടക്കുംമുമ്ബ് മാധവന്‍നായര്‍ തന്റെ കഴുത്തില്‍ നിന്ന് ഊരി സുരക്ഷിതമായി സൂക്ഷിച്ച മാലയും ജബ്ബാര്‍ കൈക്കലാക്കി. തുടര്‍ന്ന് മുറിയില്‍ മല്‍പിടിത്തം നടന്നതായി ആര്‍ക്കും സംശയം തോന്നാത്തവിധം സാധനങ്ങളെല്ലാം അടുക്കി വച്ചു. മരണം ഉറപ്പാക്കിയശേഷം മാധവന്‍നായരുടെ കിടപ്പും നേരെയാക്കി. അതിനുശേഷം ഓഫീസിന്റെ ഒരുകോണില്‍ പോയി കിടന്നുറങ്ങി.

പിറ്റേന്ന് രാവിലെ ഓഫീസിലെ തൂപ്പുകാരി മാധവന്‍നായര്‍ അനക്കമില്ലാതെ കിടക്കുന്ന വിവരം പറഞ്ഞപ്പോള്‍ മറ്റൊരു സെക്യൂരിറ്റിക്കൊപ്പം ഒന്നുമറിയാത്തതുപോലെ മാധവന്‍നായര്‍ക്ക് സമീപമെത്തിയ ഇയാള്‍ സംഭവം ഓഫീസുകാരെ അറിയിക്കാനും ആംബുലന്‍സ് വിളിക്കാനുമെല്ലാം മുന്‍പന്തിയില്‍ തന്നെ ഉണ്ടായിരുന്നു.

ഇതിനിടെ മാധവന്‍നായരുടെ ബന്ധുക്കളെത്തി മാല നഷ്ടപ്പെട്ട വിവരം വെളിപ്പെടുത്തിയതോടെ ഇയാള്‍ പരുങ്ങലിലായി. എന്നാല്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുകൊണ്ടുപോകും വരെ ഇയാള്‍ ആര്‍ക്കും ഒരു സംശയത്തിനും ഇടവരുത്താതിരിക്കാന്‍ ശ്രദ്ധിച്ചു.

വൈകുന്നേരം വീട്ടില്‍ പോകാതെ മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്ത് നഗരത്തില്‍ ചുറ്റിതിരിഞ്ഞു. രണ്ട് ദിവസത്തിനുശേഷം ഓഫീസ് മേധാവിയെ ഫോണില്‍ വിളിച്ച്‌ തനിക്ക് തെറ്റുപറ്റിയെന്നും മാധവന്‍നായരെ താനാണ് കൊലപ്പെടുത്തിയതെന്നും വെളിപ്പെടുത്തി. മേധാവി ഉടന്‍ വിവരം ഫോര്‍ട്ട് പോലീസിന് കൈമാറി. തുടര്‍ന്ന് സൈബര്‍ പോലീസ് സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ജബ്ബാര്‍ പിടിയിലായത്.

മദ്യപിക്കുന്നത് വിലക്കിയത് ചോദ്യം ചെയ്തതിലുള്ള പകയാണ് കൊലപാതകത്തിന് കാരണമെന്നും തനിക്ക് നിലവിലുള്ള കടബാധ്യതകള്‍ തീര്‍ക്കാനാണ് മാല മോഷ്ടിച്ചതെന്നും ഇയാള്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. അറസ്റ്റിലായ ജബ്ബാറിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൂടുതല്‍ അന്വേഷണത്തിനായി വരുംദിവസങ്ങളില്‍ ഇയാളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് അറിയിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *