KOYILANDY DIARY.COM

The Perfect News Portal

മഞ്ചേരിയില്‍ വഴിയരികില്‍ നിന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി ജനനേന്ദ്രിയം മുറിച്ചു

മഞ്ചേരി: വഴിയരികില്‍ നില്‍ക്കുകയായിരുന്ന യുവാവിനെ ജീപ്പില്‍ എത്തിയ രണ്ടംഗ സംഘം തട്ടിക്കൊണ്ടുപോയി ജനനേന്ദ്രിയം മുറിച്ച ശേഷം റോഡില്‍ ഉപേക്ഷിച്ചു. പൂക്കോട്ടൂര്‍ മൈലാടി പരേതനായ കാരാട്ട് അബ്ദുവിന്റെ മകന്‍ അഷ്റഫ് (34)നാണ് ദുരനുഭവമുണ്ടായത്. സാരമായ പരുക്കുകളോടെ അഷ്‌റഫിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച രാത്രി 11.30നാണ് സംഭവം. പൂക്കോട്ടൂര്‍ അറവങ്കര പഞ്ചായത്ത് ഓഫീസ് പരിസരത്ത് നില്‍ക്കുകയായിരുന്ന അഷ്റഫിനെ ഗുഡ്സ് ജീപ്പിലെത്തിയ രണ്ടു പേര്‍ ബലമായി പിടിച്ചു വാഹനത്തില്‍ കയറ്റുകയായിരുന്നു. പൂക്കോട്ടൂര്‍ പള്ളിപ്പടിയിലെത്തിയപ്പോള്‍ കത്തിയെടുത്ത് സംഘം യുവാവിന്റെ വൃഷണം മുറിച്ചെടുക്കുകയായിരുന്നു. തുടര്‍ന്ന് അഷ്റഫിനെ റോഡില്‍ തള്ളിയ ശേഷം അക്രമികള്‍ രക്ഷപ്പെട്ടു. വീഴ്ചയില്‍ അഷ്റഫിന്റെ വലതുകാല്‍ തുടയെല്ല് പൊട്ടിയിട്ടുണ്ട്. അഷ്റഫിനെ ഇന്നലെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി.

കണ്ണൂര്‍ സ്വദേശിനിയായ ഹഫ്സയെ 2007ല്‍ അഷ്റഫ് വിവാഹം കഴിച്ചിരുന്നു. 2015 വരെ കണ്ണൂരില്‍ ഭാര്യയോടൊപ്പമായിരുന്നു താമസം. ഇതിനിടെ എട്ടു വര്‍ഷത്തോളം ദമാമില്‍ ജോലി ചെയ്തിരുന്നു. 2015ല്‍ ഭാര്യയുമായി അകന്ന അഷ്റഫ് പൂക്കോട്ടൂര്‍ മൈലാടിയില്‍ താമസമാക്കുകയും കരിങ്കല്‍ ലോഡിംഗ് ജോലി ചെയ്ത് വരികയുമായിരുന്നു. ഭാര്യയുടെ ചാരിത്ര്യശുദ്ധിയില്‍ സംശയം തോന്നിയ ഇയാള്‍ ദമാമിലുള്ള ബന്ധുവിനെ നിരന്തരം ടെലിഫോണില്‍ വിളിച്ച്‌ അസഭ്യം പറഞ്ഞിരുന്നതായും അക്രമത്തിന് പിന്നില്‍ ഇതാണോയെന്ന് സംശയിക്കുന്നതായും അഷ്റഫ് മഞ്ചേരി പൊലീസിന് നല്‍കിയ മൊഴിയിലുണ്ട്.

Advertisements

അക്രമി സംഘത്തെ നേരത്തെ പരിചയമില്ലെന്നും കണ്ടാല്‍ തിരിച്ചറിയാമെന്നും അഷ്റഫ് പറയുന്നു. സംഭവത്തില്‍ തട്ടിക്കൊണ്ടു പോകല്‍, വധശ്രമം എന്നീ വകുപ്പുകള്‍ പ്രകാരം മഞ്ചേരി പൊലീസ് കേസ്സെടുത്ത് അന്വേഷണമാരംഭിച്ചു. സി ഐ .എന്‍ ബി ഷൈജുവാണ് കേസ് അന്വേഷിക്കുന്നത്.

Share news

Leave a Reply

Your email address will not be published. Required fields are marked *