ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി 250 കോടിയുടെ ക്ഷേമ പദ്ധതികള്‍ നടപ്പാക്കും: മുഖ്യമന്ത്രി
 
        തിരുവനന്തപുരം: ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി 250 കോടിയുടെ ക്ഷേമ പദ്ധതികള്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സര്‍വശിക്ഷാ അഭിയാന്‍ സംഘടിപ്പിച്ച ലോക ഭിന്നശേഷി വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മണക്കാട് കാര്‍ത്തിക തിരുനാള്‍ ഗവ. വൊക്കേഷണല്‍ ആന്‍ഡ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. വിദ്യാഭ്യാസം, ഭക്ഷണം, പുനരധിവാസം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ഇതിലുണ്ടാകും. കേന്ദ്രാവിഷ്കൃത പദ്ധതികളും ഉള്‍പ്പെടും.
ഭിന്നശേഷിക്കാര്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിന് അഞ്ച് ശതമാനവും ജോലിക്ക് നാല് ശതമാനവും സംവരണം ഏര്‍പ്പെടുത്താന്‍ നയപരിപാടി ആവിഷ്കരിച്ചുവരികയാണ്. സംസ്ഥാനത്തെ ഭിന്നശേഷി സൌഹൃദമാക്കുകയാണ് ലക്ഷ്യം. ചലനശേഷി കുറഞ്ഞവരടക്കമുള്ള ഭിന്നശേഷിക്കാരെ മുഖ്യധാരയില്‍ എത്തിക്കാന്‍ തീവ്രശ്രമം നടത്തും. ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സമഗ്രമായ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മികച്ച റിസോഴ്സ് അധ്യാപികയ്ക്കുള്ള പുരസ്കാരം പി വനജയ്ക്ക് (ബിആര്‍സി പരപ്പനങ്ങാടി) മുഖ്യമന്ത്രി സമ്മാനിച്ചു. തിരുവനന്തപുരം എസ്‌എസ്‌എ ഗൃഹാധിഷ്ഠിതവിദ്യാഭ്യാസം നല്‍കുന്ന ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സാമൂഹികപങ്കാളിത്തത്തോടെ ലഭ്യമാക്കുന്ന സഹായ ഉപകരണങ്ങളുടെ വിതരണോദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി എസ്‌എസ്‌എ ആവിഷ്കരിച്ച കൂട്ടുകൂടാന്‍ പുസ്തകച്ചങ്ങാതി ഉള്‍പ്പെടെയുള്ള പദ്ധതികളെ അഭിനന്ദിച്ചു.

അഡീഷണല്‍ പ്രോജക്‌ട് ഡയറക്ടര്‍ അനില ജോര്‍ജ്, സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ സാം ജി ജോണ്‍, പിടിഎ പ്രസിഡന്റ് എം മണികണ്ഠന്‍, പ്രഥമാധ്യാപകന്‍ എസ് രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. എസ്‌എസ്‌എ സ്റ്റേറ്റ് പ്രോജക്ടര്‍ എ പി കുട്ടിക്കൃഷ്ണന്‍ സ്വാഗതവും ജില്ലാ പ്രോജക്‌ട് ഓഫീസര്‍ ബി ശ്രീകുമാരന്‍ നന്ദിയും പറഞ്ഞു.

സമ്മേളനത്തിന് മുന്നോടിയായി ഭിന്നശേഷിക്കാരായ കുട്ടികളുടെ വീട്ടില്‍നിന്ന് തെളിച്ച ദീപശിഖാ റാലിയുണ്ടായി. തുടര്‍ന്ന് ഭിന്നശേഷിക്കാരായ കുട്ടികളുടെ എയ്റോബിക്സ്, കലാപരിപാടികള്‍, ഓട്ടിസംബാധിതരായ കുട്ടികളുടെ ബാന്‍ഡ് മേളം, ട്രൈബല്‍ കലാമേള എന്നിവ അരങ്ങേറി.


 
                        

 
                 
                