ഭാര്യയുടെ പ്രസവത്തിനായി നാട്ടിലെത്തിയ യുവാവ് കുത്തേറ്റ് മരിച്ചു

കൊട്ടിയം: ഭാര്യയുടെ പ്രസവത്തിനായി നാട്ടിലെത്തിയ യുവാവ് കുത്തേറ്റ് മരിച്ചു. കൊലയ്ക്ക് പ്രകോപനമായത് ചീട്ടുകളിയെ ചോദ്യം ചെയ്തത്. സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെ പോലീസ് കേസ് എടുത്തു. കൊട്ടിയം ആലുംമൂട് ജംഗ്ഷനില്‍ തിങ്കളാഴ്ച വൈകിട്ട് ആറു മണിയോടെയാണ് സംഭവം.
കുരീപ്പള്ളി തൈയ്ക്കാവുമുക്ക് കുളത്തിന്‍കര ഷാഫി മന്‍സിലില്‍ സലാഹുദ്ദീന്റെയും ജുമൈലത്തിന്റെയും മകന്‍ മുഹമ്മദ് ഷാഫി (28) യാണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി. അടൂര്‍ ഡിപ്പോയിലെ ഡ്രൈവറും സി.പി.എം ആലുംമൂട് ബ്രാഞ്ച് സെക്രട്ടറിയുമായ ലാല്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെയാണ് കേസെടുത്തത്. ഷാഫിയുടെ സുഹൃത്ത് മുസുമ്മുലിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ കൊട്ടിയം പോലീസ് കേസെടുത്തിരിക്കുന്നത്.

ആലുംമൂട് ചന്തയ്ക്ക് പുറകുവശത്ത് വിജനമായ പുരയിടത്തില്‍ ചിലര്‍ നടത്തുന്ന ചീട്ടുകളി മുഹമ്മദ് ഷാഫി ചോദ്യം ചെയ്തതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. തര്‍ക്കത്തിനുശേഷം സ്ഥലത്തുനിന്നുപോയ മുഹമ്മദ് ഷാഫിയെ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ സംഘം തിരികെ വിളിച്ചു കൊണ്ടുവരികയായിരുന്നു. തുടര്‍ന്ന് പ്രതികള്‍ സംഘംചേര്‍ന്ന് ഷാഫിയെ ആക്രമിക്കുകയായിരുന്നു.

കൂടെയുണ്ടായിരുന്ന മുസുമ്മുലിനെ ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും ഓടി രക്ഷപ്പെട്ടു. ഹര്‍ത്താല്‍ ആയതിനാല്‍ പ്രദേശത്ത് മറ്റ് കടകളോ വാഹനങ്ങളോ ഇല്ലായിരുന്നു. സംഭവമറിഞ്ഞ് അനീഷ് എന്ന യുവാവ് എത്തിയാണ് കുത്തേറ്റുകിടന്ന മുഹമ്മദ് ഷാഫിയെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം കൊട്ടിയം ഹോളിക്രോസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

സിറ്റി പോലീസ് കമ്മിഷണര്‍ ഡോ. ശ്രീനിവാസ്, ചാത്തന്നൂര്‍ എ.സി.പി. ജവഹര്‍ ജനാര്‍ദ്, പോലീസ് ഇന്‍സ്‌പെക്ടര്‍മാരായ ഷെരീഫ്, അജയനാഥ്, എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി. ചൊവ്വാഴ്ച തിരുവനന്തപരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയശേഷം ബന്ധുക്കള്‍ക്ക് കൈമാറി.
മുഹമ്മദ് ഷാഫിയുടെ ഭാര്യ സുമയ്യ ഒരാഴ്ച മുന്‍പാണ് രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. സൗദിയിലായിരുന്ന മുഹമ്മദ് ഷാഫി ചുരുങ്ങിയദിവസത്തെ അവധിക്ക് നാട്ടിലെത്തുകയായിരുന്നു. മൂത്തമകള്‍ ഇത്ര.
