ബൈക്കുമല്ല സ്‌കൂട്ടറുമല്ല, ചരിത്രം കുറിക്കാന്‍ ഹോണ്ടയുടെ ടൂവീലര്‍ വരുന്നു ?

ഇരുചക്ര വാഹനമായാല്‍ ഒന്നെങ്കില്‍ ഒരു ബൈക്ക് അല്ലെങ്കില്‍ ഒരു സ്‌കൂട്ടര്‍, ഈ സങ്കല്‍പ്പം അങ്ങ് തിരുത്തിക്കുറിക്കാനുള്ള ഒരുക്കത്തിലാണ് ഹോണ്ട മോട്ടോഴ്‌സ്. ബൈക്ക്/സ്‌കൂട്ടര്‍ ഈ രണ്ട് തറവാട്ട് പേരും ഉപേക്ഷിച്ച് ‘യൂട്ടിലിറ്റി വാഹനം’ എന്ന പുതിയൊരു ബ്രാന്‍ഡില്‍ പുതിയ ഇരുചക്ര വാഹനം അവതരിപ്പിക്കാന്‍ ഹോണ്ട തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പൊന്നും കമ്പനി ഇതുവരെ നല്‍കിയിട്ടില്ല.
പുതുപുത്തന്‍ രൂപത്തില്‍ ഈ മാസം 20-ന് ഔദ്യോഗിമായി യൂട്ടിലിറ്റി വാഹന ശ്രേണിയിലെ ആദ്യ മോഡല്‍ കമ്പനി പുറത്തിറക്കാനാണ് സാധ്യത. കഴിഞ്ഞ ഓട്ടോ എക്സ്പോയില്‍ തീര്‍ത്തും വേറിട്ട രൂപത്തില്‍ ഹോണ്ട അവതരിപ്പിച്ച ചെറു നവി ബൈക്കിനോട് സാമ്യമുള്ള തരത്തിലാകും പുതിയ വാഹനം എത്തുകയെന്നാണ് ലഭിക്കുന്ന വിവരം. പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ സാധിക്കാതെ നിറം മങ്ങിയ നവിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടാകും പുതിയ മോഡലുമായി ഹോണ്ടയുടെ വരവ്.

എന്നാല്‍ ഹോണ്ട ലൈനപ്പിലെക്കെത്തുന്ന പുതിയ അംഗത്തിന്റെ യാതൊരു വിവരങ്ങളും ഇതുവരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. വിവരങ്ങള്‍ അതീവ രഹസ്യമാക്കി ലോഞ്ചിങ് വേളയില്‍ വാഹന പ്രേമികള്‍ക്ക് സര്‍പ്രൈസ് ഒരുക്കാനാണ് ഹോണ്ടയുടെ പദ്ധതി. യൂട്ടിലിറ്റി വാഹനം മോട്ടോര്‍ ബൈക്ക് രൂപത്തിലോ അതോ സ്‌കൂട്ടര്‍ രൂപത്തിലോ ? കാത്തിരിക്കാം ജൂണ്‍ 20 വരെ എന്താണ് ഹോണ്ടയുടെ യൂട്ടിലിറ്റി വാഹനം എന്നറിയാന്‍..

