ബീഫ് ഫെസ്റ്റ്: സൂരജിനെ മർദ്ദിച്ച സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യണം പിണറായി വിജയന് തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം > ഐഐടി മദ്രാസില്‍ ബീഫ് ഫെസ്റ്റില്‍ പങ്കെടുത്തതിന് മലയാളിയായ ഗവേഷക വിദ്യാര്‍ഥി സൂരജിനെ ആക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് തമിഴ്നാട് മുഖ്യമന്ത്രി പളനിസ്വാമിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു.
ചെന്നൈ ഐഐടി പോലുളള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്ന ചര്‍ച്ചയുടെയും സംവാദത്തിന്റെയും വേദികള്‍ കൂടിയാണ്. അത്തരം സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടക്കുന്ന ഇത്തരം ആക്രമണങ്ങള്‍ മതനിരപേക്ഷതയെയും സാമുദായിക സൌഹാര്ദത്തേയും തകര്‍ക്കും.

സൂരജിനെ ആക്രമിച്ച സംഭവം ക്യാമ്പസുകളില്‍ വലിയ പരിഭ്രാന്തിക്ക് ഇടയാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അക്രമം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഇടപെടണം. ക്യാമ്പസുകളില്‍ നടക്കുന്ന ഇത്തരം വിദ്വേഷ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടിയെടുക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.

