ബിജെപിക്കാര്‍ കേരളത്തെ കണ്ട് പഠിക്കണം: ബൃന്ദ കാരാട്ട്

കോഴിക്കോട്: വര്‍ഗീയത പടര്‍ത്തി ജനങ്ങളെ ഭിന്നിപ്പിക്കുന്ന ബിജെപി, ആര്‍എസ്എസ് നേതൃത്വം കേരളത്തില്‍നിന്ന് പഠിക്കണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പറഞ്ഞു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന് ജില്ലാ പ്രവര്‍ത്തക കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
പ്രളയമെന്ന ദുരന്തത്തെ മതവും ജാതിയും മറന്ന് ഒറ്റക്കെട്ടായാണ് കേരളം നേരിട്ടത്. അത് രാജ്യത്തിനാകെ പ്രചോദനമായി. ഇവിടുത്തെ മത്സ്യത്തൊഴിലാളികളില്‍നിന്നും ബിജെപി-ആര്‍എസ്എസ് നേതൃത്വം പഠിക്കേണ്ടതുണ്ട്. ഓരോരുത്തരെയും അവര്‍ മരണത്തില്‍നിന്ന് രക്ഷിച്ചത് മതമോ ജാതിയോ രാഷ്ട്രീയമോ നോക്കാതെയാണ്. പ്രളയമുണ്ടായ സാഹചര്യത്തിലും വൃത്തികെട്ട, വിഷം പടര്‍ത്തുന്ന പ്രചാരണങ്ങളാണ് ബിജെപിയും ആര്‍എസ്എസും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് നല്കിയാല് ഒരു വിഭാഗത്തിന് മാത്രമേ കിട്ടൂ എന്നുവരെ പ്രചരിപ്പിച്ചു. ഐക്യത്തോടെ നമ്മള് ഇന്ത്യയെ നിര്‍മിക്കുമ്ബോള്‍ അമിത് ഷായും കൂട്ടരും ഇന്ത്യയെ തകര്‍ക്കുകയാണ്.

വര്‍ഗീയ ശക്തികള്‍ക്കും മതമൗലിക വാദികള്ക്കുമെതിരായ പോരാട്ടത്തില്‍ സ്ത്രീകള്‍ മുന്നോട്ട് വരണം. പ്രളയ ബാധിത മേഖലയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ ഓരോ സ്ത്രീയും രംഗത്തിറങ്ങണം.

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ദുരിതങ്ങളെ അതിജീവിച്ച് പുതിയ കേരളം സൃഷ്ടിക്കാന്‍ നമുക്കാവും. വിലക്കയറ്റം, നോട്ട് നിരോധനം, ജിഎസ്ടി, ഇന്ധന വില വര്‍ധന തുടങ്ങി ദ്രോഹ നടപടികളിലൂടെ ജനങ്ങളുടെ പോക്കറ്റടിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.

ജനങ്ങളെ ദുരിതത്തിലാക്കുന്ന ഈ ‘പോക്കറ്റടി സര്‍ക്കാരി’ നെതിരെ ജനമുന്നേറ്റമുണ്ടാവണമെന്നും അവര്‍ പറഞ്ഞു. കാനത്തില്‍ ജമീല അധ്യക്ഷയായി. മഹിളാ അസോസിയേഷന് സംസ്ഥാന സെക്രട്ടറി പി സതീദേവി സംസാരിച്ചു. എം കെ ഗീത സ്വാഗതവും പാണൂര്‍ തങ്കം നന്ദിയും പറഞ്ഞു.
