ബാലഗംഗാധര തിലകനെ അപമാനിച്ച് രാജസ്ഥാനിലെ പാഠപുസ്തകം

ജയ്പൂര്‍: സ്വാതന്ത്ര്യ സമരസേനാനി ബാലഗംഗാധര തിലകനെ അപമാനിച്ച് രാജസ്ഥാനിലെ പാഠപുസ്തകം. തിലകനെ തീവ്രവാദത്തിന്റെ പിതാവെന്നാണ് പുസ്തകത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍ വിചിത്രമായ ഈ വിശേഷണം തിലകന് നല്‍കിയിരിക്കുന്നത്.
ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ മുന്നിരപ്പോരാളികളില് ഒരാളായിരുന്ന ബാലഗംഗാധര തിലകന് ലോക്മാന്യതിലക് എന്നാണ് രാജ്യം ബഹുമാനപൂര്‍വം വിളിക്കുന്നത്. സ്വാതന്ത്ര്യസമരകാലത്ത് പിറവിയെടുത്ത സ്വരാജ്യം എന്റെ ജന്മാവകാശമാണ്, അത് ഞാന്‍ നേടിയെടുക്കും എന്ന മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവും തിലകന് ആയിരുന്നു. അദ്ദേഹത്തെയാണ് ഇപ്പോള്‍ തീവ്രവാദത്തിന്റെ പിതാവെന്ന് മുദ്രകുത്തിയിരിക്കുന്നത്.

രാജസ്ഥാന് ബോര്‍ഡ് ഓഫ് സെക്കന്ററി എജ്യുക്കേഷന്‍ കീഴിലുള്ള സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലെ പുസ്തകങ്ങളിലാണ് തിലകനെ തീവ്രവാദത്തിന്റെ പിതാവായി ചിത്രീകരിച്ചിരിക്കുന്നത്. ഫാദര്‍ ഓഫ് ടെററിസം എന്നാണ് പുസ്തക്തതില്‍ തിലകനെ വിശേഷിപ്പിച്ചിരിക്കുന്നത്.

തിലകന് ദേശീയ പ്രക്ഷോഭത്തിന് പാത വെട്ടിത്തെളിച്ചെന്നും അതിനാല്‍ അദ്ദേഹം തീവ്രവാദത്തിന്റെ പിതാവായാണ് അറിയപ്പെടുന്നതെന്നും പുസ്തകത്തില്‍ പറയുന്നു. പുസ്തകത്തിലെ ഇരുപത്തിരണ്ടാം അധ്യായത്തിലെ 267 ആം പേജിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. 18, 19 നൂറ്റാണ്ടുകളിലെ ദേശീയ പ്രക്ഷോഭങ്ങള്‍ എന്ന ഉപതലതക്കെട്ടിലാണ് ഈ ഭാഗം വരുന്നത്.

ബ്രിട്ടീഷ് ഉദ്യോഗസ്ഥരോട് വാദിച്ച് ഒന്നും നേടാനാകില്ലെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. ശിവജി, ഗണപതി ഉത്സവങ്ങളിലൂടെ അദ്ദേഹം രാജ്യത്താകമാനം അസാധാരണമായ അവബോധം സൃഷ്ടിച്ചു. സ്വാതന്ത്ര്യം എന്ന മന്ത്രം അദ്ദേഹം ജനങ്ങള്‍ക്കിടയില്‍ വിതച്ചു. ഇത് അദ്ദേഹത്തെ ബ്രിട്ടീഷുകാരുടെ കണ്ണിലെ കരടാക്കി മാറ്റി. പുസ്തകത്തില്‍ പറയുന്നു.
