ബജറ്റ് ചോര്‍ന്നെന്ന പ്രതിപക്ഷ പരാതിയില്‍ കഴമ്പില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ബജറ്റ് ചോര്‍ന്നെന്ന പ്രതിപക്ഷ പരാതിയില്‍ കഴമ്പില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. സംഭവത്തില്‍ ഭരണഘടനാ ലംഘനവും വീഴ്ചയും ഉണ്ടായിട്ടില്ല. ജനപ്രിയ ബജറ്റിന്റെ നിറം കെടുത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും അടിയന്തര പ്രമേയ നോട്ടീസിനുള്ള മറുപടിയില്‍ മുഖ്യമന്ത്രി പറഞ്ഞു
ബജറ്റിന്റെ രഹസ്യ സ്വഭാവമുള്ള ഒരു രേഖയും ചോര്‍ന്നിട്ടില്ല. വിഷയത്തില്‍ ധനകാര്യമന്ത്രിയുടെ ഉദ്യോഗസ്ഥന് വീഴ്ച ഉണ്ടായിട്ടുണ്ട്. അന്നുതന്നെ ആ ഉദ്യോഗസ്ഥനെ മാറ്റിനിര്‍ത്തി. ബജറ്റ് ചോര്‍ന്നെന്ന പരാതിയില്‍ ചീഫ് സെക്രട്ടറി അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. റിപ്പോര്‍ട്ടിന്റെ ഗൌരവമനുസരിച്ച് തുടര്‍ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന് അടിയന്തര പ്രമേയത്തിനുള്ള അനുമതി സ്പീക്കര്‍ നിഷേധിച്ചു.

ബജറ്റ് ചോര്‍ച്ച ആരോപിച്ച് വി ഡി സതീശന്‍ എംഎല്‍എ ആണ് അടിയന്തരപ്രമേയത്തിനു നോട്ടീസ് നല്‍കിയത്. ബജറ്റ് ചോര്‍ന്ന സംഭവം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യം. ബജറ്റ് ചോര്‍ച്ച ചോദ്യോത്തരവേള റദ്ദാക്കി ചര്‍ച്ച ചെയ്യണം എന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രാവിലെ സഭയില്‍ ബഹളം വച്ചിരുന്നു.മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ചര്‍ച്ചയാണ് പൊതുബജറ്റിന്‍മേല്‍ നടക്കുക. ബജറ്റ് ദിവസം മുതല്‍ ബജറ്റ് ചോര്‍ന്നെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തുന്നുണ്ട്. ധനമന്ത്രി രാജിവെക്കണമെന്നും പുതിയ ബജറ്റ് അവതരിപ്പക്കണം എന്നുമാണ് ആവശ്യം.

