ഫ്രാങ്കോ മുളയ്ക്കലിനെ പാലാ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ആരോപണവിധേയനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. അടുത്ത മാസം ആറുവരെയാണ് റിമാന്‍ഡ് കാലാവധി. ബിഷപ്പിനെ പാലാ സബ് ജയിലിലെത്തിച്ചു.
രണ്ട് ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് ബിഷപ്പിനെ ഇന്ന് പാലാ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. കഴിഞ്ഞ ദിവസം ഫ്രാങ്കോ മുളയ്ക്കലിനെ കുറവിലങ്ങാട് മഠത്തില്‍ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. വൈദ്യപരിശോധന പൂര്‍ത്തിയാക്കിയശേഷമാണ് ബിഷപ്പിനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയത്.

അതേസമയം ബിഷപ്പിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി.തെളിവെടുപ്പിന് മുന്‍പ് തന്റെ വസ്ത്രങ്ങള്‍ നിര്‍ബന്ധപൂര്‍വ്വം പൊലീസ് ഊരിവാങ്ങിയെന്ന് ബിഷപ്പ് കോടതിയില്‍ ആരോപിച്ചു. തനിക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്നും ഫ്രാങ്കോ മുളയ്ക്കല്‍ വാദിച്ചു.

