പ്രാഥമിക സൗകര്യങ്ങളില്ലാതെ പുളിയഞ്ചേരിയിലെ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ട്
കൊയിലാണ്ടി: പ്രാഥമിക സൗകര്യങ്ങളില്ലാതെ പുളിയഞ്ചേരിയിലെ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ട്. ഡ്രൈവിങ് ടെസ്റ്റുള്ള ദിവസങ്ങളിൽ അഞ്ഞൂറോളം പേർ. അല്ലാത്ത ദിവസങ്ങളിൽ പരിശീലനത്തിനായി എത്രയോ ഇരട്ടിയാളുകൾ. കൊയിലാണ്ടി മോട്ടോർ വാഹന വകുപ്പിൻ്റെ ഡ്രൈവിങ് ടെസ്റ്റ് നടത്തുന്ന പുളിയഞ്ചേരിയിലെ ഗ്രൗണ്ടിലാണ് നിത്യവും വൻ ആൾക്കൂട്ടം. എന്നാൽ ഇവർക്കാവശ്യമായ പ്രാഥമിക സൗകര്യങ്ങളൊന്നും ഇവിടെയില്ല. അടഞ്ഞുകിടന്ന രണ്ട് ശൗചാലയങ്ങൾ അടുത്തിടെ തുറന്നിട്ടുണ്ട്. അതിലൊന്ന് മോട്ടോർവാഹന വകുപ്പുദ്യോഗസ്ഥർക്ക് മാത്രമായി മാറ്റിവെച്ചതാണ്. ബാക്കിയുള്ളതാണ് ടെസ്റ്റിനും പരിശീലനത്തിനും എത്തുന്നവർക്കും സഹായികൾക്കുമുള്ള ആശ്രയം.
കിണറുണ്ടെങ്കിലും മോട്ടോർ കണക്ഷനില്ലാത്തതിനാൽ സമീപത്തുള്ള വീട്ടിൽനിന്നുവേണം പ്രാഥമികാവശ്യങ്ങൾക്ക് വെള്ളമെടുക്കാൻ. സ്ത്രീകളും മറ്റും സമീപത്തെ വീടുകളെയാണ് ആശ്രയിക്കുന്നത്. കാത്തുനിൽക്കാനുള്ള പ്ലാസ്റ്റിക് ഷീറ്റിട്ട പന്തലും പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്. ഗ്രൗണ്ട് പരിപാലിക്കാൻ സർക്കാർ സംവിധാനമല്ലെന്നാണ് മോട്ടോർവാഹന വകുപ്പ് അധികൃതർ പറയുന്നത്. ഡ്രൈവിങ് സ്കൂൾ നടത്തിപ്പുകാരുടെ കൂട്ടായ്മയാണ് ഇക്കാര്യങ്ങൾ നോക്കുന്നത്.

