KOYILANDY DIARY.COM

The Perfect News Portal

പ്രശസ്ത സംഗീതജ്ഞന്‍ പദ്മശ്രീ ബാലമുരളികൃഷ്ണ (86) അന്തരിച്ചു

ചെന്നൈ > പ്രശസ്ത സംഗീതജ്ഞന്‍ ഡോ. എം ബാലമുരളികൃഷ്ണ (86) അന്തരിച്ചു. ചെന്നൈയില്‍ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പദ്മശ്രീ,  പദ്മവിഭൂഷണ്‍, ഷെവലിയാര്‍ പുരസ്ക്കാരങ്ങള്‍ നേടിയിട്ടുണ്ട്. 22 സിനിമകളിലായി 44 പാട്ടുകള്‍ ചിട്ടപെടുത്തിയിട്ടുള്ള ബാലമുരളികൃഷണ ഒരു ചിത്രത്തില്‍ അഭിനയിച്ചിട്ടുമുണ്ട്.

ഇന്‍ഡ്യയ്ക്കകത്തും പുറത്തുമായി ഇരുപത്തായ്യിയരത്തിലധികം കച്ചേരികള്‍ നടത്തിയിട്ടുള്ള അദ്ദേഹം സ്വന്തമായി ചിട്ടപ്പെടുത്തിയ നാനൂറിലധികം കൃതികളുണ്ട്. അവയില്‍ സ്വന്തമായി കണ്ടെത്തിയ അപൂര്‍വ്വ രാഗങ്ങളും. 1957ല്‍ തെലുങ്ക് സിനിമയായ ‘സതി സാവിത്രി’യില്‍ പിന്നണി പാടിക്കൊണ്ട് സിനിമാ ഗായകനായും അരങ്ങേറ്റം കുറിച്ചു. തുടര്‍ന്നു നിരവധി ഗാനങ്ങള്‍ വെള്ളിത്തിരയിലും ആലപിച്ച അദ്ദേഹം 1967ല്‍ തെലുങ്ക് ചിത്രമായ ‘ഭക്തപ്രഹ്ളാദ്’യില്‍ നാരദനായി അഭിനയിച്ചു കൊണ്ട് ക്യാമറയ്ക്കു മുമ്പിലും തന്റെ സാന്നിദ്ധ്യമറിയിച്ചു. തുടര്‍ന്ന് നിരവധി സിനിമകളില്‍ പാടുകയും സംഗീത സംവിധാനം നിര്‍വ്വഹിക്കുകയും ചെയ്ത അദ്ദേഹം ‘എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു’, ‘സ്വാതി തിരുനാള്‍’, ‘ഭരതം’ എന്നീ മലയാള സിനിമകള്‍ക്കും പിന്നണി പാടി. ‘സ്വാതി തിരുനാളി’ലെ ആലാപനത്തിന് മികച്ച ഗായകനുള്ള സംസ്ഥാന പുരസ്കാരം നേടി.

മികച്ച ഗായകനും മികച്ച സംഗീത സംവിധായകനും മികച്ച ഈണം നല്‍കിയയാളുമായി മൂന്ന് ദേശീയ അവാര്‍ഡുകള്‍ ബാലമുരളീ കൃഷ്ണ നേടിയിട്ടുണ്ട്.
സ്വന്തമായി കണ്ടെത്തിയ രാഗങ്ങളാണ് ബാലമുരളീകൃഷ്ണയെ വേറിട്ടു നിര്‍ത്തുന്നത്.

Advertisements

ഗണപതി, സര്‍വ്വശ്രീ, മഹാതി, ലവംഗി, സിദ്ധി, സുമുഖം, ഓംകാരി തുടങ്ങിയവ ഇതില്പെടുന്നു.  നാനൂറിലധികം കൃതികള്‍ ചിട്ടപ്പെടുത്തിയും 25000ല്‍ അധികം കച്ചേരികള്‍ ലോകമെമ്പാടും നടത്തിയും അദ്ദേഹം സംഗീതസപര്യ തുടര്‍ന്നു. ആള്‍ ഇന്‍ഡ്യാ റേഡിയോയില്‍ ഏഴു വാദ്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഉയര്‍ന്ന ഗ്രേഡുള്ള കലാകാരനാണദ്ദേഹമെന്നതും നേട്ടം തന്നെയാണ്.

തെലുങ്ക്, കന്നഡ, സംസ്കൃതം, തമിഴ്, മലയാളം, ഹിന്ദി, ബംഗാളി, പഞ്ചാബി എന്നീ ഭാഷകളില്‍ പാടിയിട്ടുള്ള അദ്ദേഹമാണ് ജുഗല്‍ ബന്ദി രീതിയില്‍ മറ്റു സംഗീതജ്ഞരുമായി സഹകരിച്ച് സംഗീത സദസ്സുകള്‍ക്ക് തുടക്കം കുറിച്ചത്. പണ്ഡിറ്റ് ഭീംസെന്‍ ജോഷി, പണ്ഡിറ്റ് ഹരിപ്രസാദ്, കിഷോരി അമോങ്കാര്‍ തുടങ്ങിയവരുമായി സഹകരിച്ച് അദ്ദേഹം നടത്തിയ ജുഗല്‍ ബന്ദികള്‍ ഏറെ ശ്രദ്ധേയമായിരുന്നു.

‘എം.ബി.കെ.ട്രസ്റ്റ്’ എന്ന പേരില്‍ മ്യൂസിക്ക് തെറാപ്പിയുടെ സാധ്യതകളെക്കുറിച്ച് ഒരു പഠന കേന്ദ്രവും ‘വിപഞ്ചി’ എന്ന പേരില്‍ ഒരു നൃത്ത സംഗീത പഠന വിദ്യാലയവും അദ്ദേഹം നടത്തുന്നുണ്ട്. സ്വിറ്റ്സര്‍ലണ്ടില്‍ എസ്. രാം ഭാരതിയുടെ നേതൃത്വത്തില്‍ നടത്തുന്ന ‘അക്കാദമി ഓഫ് പെര്‍ഫോമിംഗ് ആര്‍ട്സ് ആന്‍ഡ് റിസര്‍ച്ച്’ എന്ന സംഗീത ചികിത്സാ സ്ഥാപനവും പ്രവര്‍ത്തിക്കുന്നത് അദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലാണ്.

Share news

Leave a Reply

Your email address will not be published. Required fields are marked *