KOYILANDY DIARY.COM

The Perfect News Portal

പ്രകൃതി ചികില്‍സകര്‍ എന്ന് അവകാശപ്പെടുന്ന മോഹനന്‍, ജേക്കബ് വടക്കാഞ്ചേരി എന്നിവര്‍ക്കെതിരെ പരാതിയുമായി യുവ ഡോക്ടര്‍

കോട്ടയം: നിപ്പാ വൈറസ് ബാധയ്ക്കെതിരെ ശക്തമായ ജാഗ്രത പ്രഖ്യാപിക്കപ്പെട്ട സമയത്ത് തെറ്റിദ്ധാരണ പരത്തുന്ന പ്രചരണം നടത്തുന്ന പ്രകൃതി ചികില്‍സകര്‍ എന്ന് അവകാശപ്പെടുന്ന മോഹനന്‍, ജേക്കബ് വടക്കാഞ്ചേരി എന്നിവര്‍ക്കെതിരെ പരാതിയുമായി യുവ ഡോക്ടര്‍. സംസ്ഥാനത്ത് പത്തോളം പേര്‍ മരണപ്പെട്ട സംഭവത്തില്‍ വ്യാജപ്രചരണം നടത്തുന്ന ഇവര്‍ക്കെതിരെ മാതൃകപരമായ ശക്തമായ നടപടി ഉണ്ടാകണമെന്ന് മുഖ്യമന്ത്രിക്ക് അയച്ച തുറന്നകത്തില്‍ ഡോ. ജിനേഷ് പിഎസ് അഭ്യര്‍ത്ഥിക്കുന്നു.

വവ്വാലുകളില്‍ നിന്നും മനുഷ്യരിലേക്കും മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്കും പകരാന്‍ സാധ്യതയുള്ള അസുഖമാണ്. അതുകൊണ്ടുതന്നെ വവ്വാലുകള്‍ ഭാഗികമായി ആഹരിച്ച കായ്ഫലങ്ങള്‍ ഉപയോഗിക്കരുത് എന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിരുന്നു. ഇന്നിപ്പോള്‍ മോഹനന്‍ എന്ന വ്യക്തി അസുഖബാധിതമായ സ്ഥലമായ പേരാമ്ബ്രയില്‍ നിന്നും ശേഖരിച്ച, വവ്വാലുകള്‍ ഭാഗികമായി ആഹരിച്ചത് എന്ന് അവകാശപ്പെടുന്ന കായ്ഫലങ്ങള്‍ ഭക്ഷിക്കുന്ന ഒരു വീഡിയോ ഫേസ്ബുക്കിലൂടെ പങ്കുവെക്കുകയുണ്ടായി.

ആരോഗ്യ വകുപ്പാണ് നിപ്പാ വൈറസിന് കാരണമെന്ന് അദ്ദേഹം അതില്‍ ആരോപിക്കുന്നു. വവ്വാലുകള്‍ ഭാഗികമായി ആഹരിച്ച കായ്ഫലങ്ങള്‍ കഴിച്ചാല്‍ വൈറസ് ബാധ ഉണ്ടാവില്ല എന്നും അദ്ദേഹം പറയുന്നു. പ്രസിദ്ധീകരിച്ചതിനു ശേഷം എട്ടു മണിക്കൂറിനുള്ളില്‍ 15000 ഷെയര്‍ ആണ് ആ വിഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.

Advertisements

ഇത് പോലെ തന്നെ ഇതേ വിഷയം മുന്‍നിര്‍ത്തി ജേക്കബ് വടക്കന്‍ചേരി എന്ന വ്യക്തിക്കെതിരെ രണ്ടു ദിവസം മുന്‍പ് അങ്ങേയ്ക്ക് ഒരു പരാതി സമര്‍പ്പിച്ചിരുന്നു. അതില്‍ നടപടികള്‍ പ്രായോഗികതലത്തില്‍ എത്തിയില്ല എന്നതില്‍ ആശങ്ക രേഖപ്പെടുത്തുന്നുവെന്നും ഡോക്ടര്‍ സൂചിപ്പിക്കുന്നു.

വളരെയധികം ജനങ്ങള്‍ ഇദ്ദേഹത്തിന്റെ അബദ്ധ പ്രചരണങ്ങള്‍ക്ക് ഇരയാകുന്നുണ്ട്. ഇദ്ദേഹത്തിന്‍റെ വാക്കുകള്‍ വിശ്വസിച്ചാല്‍ കേരളത്തില്‍ നിന്നും ഈ അസുഖം പകരുന്നത് തടയുന്നതിന് തന്നെ ചിലപ്പോള്‍ വിഘാതം നേരിട്ടേക്കാമെന്ന് ഡോ. ജിനേഷ് പറയുന്നു.

സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരോഗ്യമേഖലയിലെ പ്രചരണങ്ങള്‍ തടയുന്ന ഡോക്ടര്‍മാരുടെ കൂട്ടായ്മയില്‍ അംഗമാണ് ഡോ. ജിനേഷ്. നേരത്തെ എംആര്‍എ വാക്സിനേഷന്‍ അടക്കമുള്ള ആരോഗ്യവകുപ്പിന്‍റെ പദ്ധതികള്‍ അട്ടിമറിക്കാന്‍ കാരണക്കാന്‍ ഇത്തരം പ്രചരണം നടത്തുന്നവരാണെന്ന് ഡോ. ജിനേഷ് സൂചിപ്പിക്കുന്നു. ഇനിയും ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ ആരോഗ്യ മേഖലയിലെ കേരളമോഡല്‍ തന്നെ അപകടത്തിലാകുമെന്ന് ഇദ്ദേഹം സൂചിപ്പിക്കുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *