KOYILANDY DIARY.COM

The Perfect News Portal

പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദിച്ച കേസ് അട്ടിമറിക്കാന്‍ ഉന്നത തലത്തില്‍ ശ്രമം നടന്നെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ സ്‌നിഗ്ധ പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദിച്ച കേസ് അട്ടിമറിക്കാന്‍ ഉന്നത തലത്തില്‍ ശ്രമം നടന്നെന്ന് റിപ്പോര്‍ട്ട്. ക്രൈംബ്രാഞ്ചിന്റെ അന്വേഷണറിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കേസ് അട്ടിമറിക്കാന്‍ ഉന്നതതലത്തില്‍ ഗൂഢാലോചന നടന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വനിതാ പൊലീസിനെക്കൊണ്ട് ഗവാസ്‌കറിനെതിരെ പരാതി നല്‍കിപ്പിക്കാന്‍ ശ്രമം നടന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

എഡിജിപിയുടെ മകള്‍ക്കെതിരായ പരാതി പിന്‍വലിപ്പിക്കാന്‍ തുടക്കം മുതല്‍ ഉന്നതതലങ്ങളില്‍ ശ്രമം നടന്നിരുന്നു. എഡിജിപി നേരിട്ടും പരാതി പിന്‍വലിക്കാന്‍ ഗവാസ്‌കറിന് മേല്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. എന്നാല്‍ ഗവാസ്‌കര്‍ ഇതിന് വഴങ്ങിയില്ല. ഇതിനെ തുടര്‍ന്ന് എഡിജിപിയുടെ മകള്‍ സ്‌നിഗ്ധ ഗവാസ്‌കറിനെതിരെ പരാതി നല്‍കി. തന്നെ മര്‍ദിച്ചെന്നും അപമര്യാദയായി പെരുമാറിയെന്നും കാട്ടിയാണ് സ്‌നിഗ്ധ പരാതി നല്‍കിയിരിക്കുന്നത്.

ഗവാസ്‌കറിനെതിരെ സ്‌നിഗ്ധ പൊലീസില്‍ നല്‍കിയ പരാതി വ്യാജമാണെന്ന് വ്യക്തമാക്കുന്ന രേഖകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഗവാസ്‌കര്‍ ഓടിച്ച ഔദ്യോഗിക വാഹനത്തിന്റെ ടയര്‍ തന്റെ കാലിലൂടെ കയറിയെന്ന് കാട്ടിയായിരുന്നു പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ സ്‌നിഗ്ധ ചികിത്സ തേടിയ ആശുപത്രി രേഖകള്‍ പറയുന്നത് ഇതില്‍ നിന്നും വിഭിന്നമായ കാര്യമാണ്. ഓട്ടോറിക്ഷാ അപകടത്തില്‍ പരുക്ക് പറ്റിയതിനാണ് സ്‌നിഗ്ധ ചികിത്സ തേടിയതെന്നാണ് ആശുപത്രി രേഖകളില്‍ പറയുന്നത്.

Advertisements

സ്‌നിഗ്ധ തന്നെ മര്‍ദിച്ച സംഭവത്തില്‍ ഗവാസ്‌കര്‍ പരാതി നല്‍കിയിരുന്നു. ഇതിന് ശേഷമാണ് ഗവാസ്‌കറിനെതിരെ ഇവര്‍ പരാതി നല്‍കുന്നത്. കഴിഞ്ഞ ദിവസം സുധേഷ് കുമാര്‍ ഗവാസ്‌കറിനെതിരെ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. തന്റെ മകള്‍ ഗവാസ്‌കറിനെ മര്‍ദിച്ചിട്ടില്ലെന്നും അലക്ഷ്യമായി വാഹനം ഓടിച്ചതിനെ തുടര്‍ന്നാണ് പരുക്കേറ്റതെന്നും ചൂണ്ടിക്കാട്ടിയാണ് സുധേഷ് കുമാര്‍ പരാതി നല്‍കിയിരിക്കുന്നത്. തന്നെയും കുടുംബത്തെയും പൊതുജനമധ്യത്തില്‍ അവഹേളിക്കാനാണ് ശ്രമമെന്നും തനിക്ക് സുരക്ഷാ ഭീഷണി ഉണ്ടെന്നും പരാതിയില്‍ പറയുന്നുണ്ട്.

സ്‌നിഗ്ധയുടെ മൊഴിയിലെയും ആശുപത്രി രേഖയിലെയും വൈരുധ്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് എഡിജിപിയുടെയും കുടുംബത്തിന്റെയും മൊഴിയെടുക്കാനുള്ള ശ്രമം ക്രൈംബ്രാഞ്ച് ആരംഭിച്ചിട്ടുണ്ട്. അതിനിടെ സുധേഷ് കുമാറും കുടുംബവും ഹൈക്കോടതി സമീപിക്കാന്‍ ഒരുങ്ങുന്നതായും സൂചനയുണ്ട്.

Share news

Leave a Reply

Your email address will not be published. Required fields are marked *