പെരിന്തല്‍മണ്ണയില്‍ യുവാവിനെ മര്‍ദ്ദിച്ച സംഭവം: രണ്ട് പേര് കസ്റ്റഡിയില്‍

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ സദാചാര പൊലീസ് ചമഞ്ഞ് യുവാവിനെ ആക്രമിച്ച സംഭവത്തില്‍ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും അക്രമി സംഘത്തിലുണ്ടായിരുന്നവരെന്ന് പരിക്കേറ്റ യുവാവ് തിരിച്ചറിഞ്ഞു. മുഴുവന്‍ പ്രതികളേയും ഉടന്‍ പിടികൂടണമെന്ന് ആക്രമിക്കപ്പെട്ട നാഷിദ് അലിയുടെ കുടുംബം ആവശ്യപ്പെട്ടു.
വലമ്പൂരിലുള്ള യുവതിയുമായുള്ള പ്രണയ ബന്ധത്തിന്റെ പേരിലാണ് നാഷിദ് അലിയെ ആക്രമിച്ചത്. ഈ പെണ്‍കുട്ടിയുടെ ബന്ധുക്കളില്‍ നിന്ന് ഭീഷണിയുണ്ടെന്നും പരാതി നല്‍കിയതിന്റെ വിരോധത്തില്‍ വീണ്ടും ആക്രമിക്കുമോയെന്ന ഭയമുണ്ടെന്നും നാഷിദ് അലിയുടെ അമ്മ പറഞ്ഞു.

പാതായ്ക്കര ചുണ്ടപറ്റ സ്വദേശിയാണ് നാഷിദ് അലി. ഇയാളെ റെയില്‍വേ ട്രാക്കില്‍ കൊണ്ട് പോയി ഇരുമ്ബ് വടി കൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചതായാണ് പരാതി. നാഷിദ്അലിയെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. വീടിന് സമീപത്തുനിന്ന് ഇയാളെ പിടിച്ചുകൊണ്ടുപോകുകയായിരുന്നു. പ്രണയത്തില്‍ നിന്ന് പിന്മാറണെമന്നാവശ്യപ്പെട്ട് നിരന്തരമായ ഭീഷണി ഉണ്ടായിരുന്നു. നാഷിദിന്റെ കൈക്ക് പൊട്ടലുണ്ട്.

