പെണ്‍കുട്ടിയെ തീ കൊളുത്തിയ സംഭവം; യുവാവ് നിരന്തരം ശല്യം ചെയ്തിരുന്നുവെന്ന് ബന്ധു

തിരുവല്ല: തിരുവല്ലയില്‍ യുവാവ് നടുറോഡില്‍ പെണ്‍കുട്ടിയെ തീ കൊളുത്തിയ സംഭവത്തില്‍ പ്രതികരണവുമായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍. പ്രതി അജിന് ജെറി നിരന്തരം ശല്യം ചെയ്തിരുന്നതായി പെണ്‍കുട്ടിയുടെ അമ്മാവന് സന്തോഷ് പറഞ്ഞു.
നിരന്തരമായി ഫോണില്‍ വിളിച്ച് ശല്യം ചെയ്യുന്നതിനാല്‍ പെണ്‍കുട്ടി ഫോണ്‍ എടുക്കാതായി. ഇതോടെ പെണ് കുട്ടിയുടെ അച്ഛന്റെ ഫോണില്‍ വിളിച്ചും പെണ്‍കുട്ടിയെ പറ്റി അന്വേഷിച്ചിരുന്നു. അജിന്റെ ശല്യം കാരണം പെണ്‍കുട്ടി ഒരാഴ്ചയോളം ഫോണ്‍ സ്വിച്ച് ഓഫ് ആക്കി വച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ അപ്രതീക്ഷിതമായ ആക്രമണം നടന്നതെന്നും പെണ്‍കുട്ടിയുടെ അമ്മാവന് സന്തോഷ് വ്യക്തമാക്കി.

അറുപത്തിയഞ്ച് ശതമാനത്തോളം പൊള്ളലേറ്റതിന് പുറമേ കുത്തേറ്റ പെണ്‍കുട്ടി ഇപ്പോഴും അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ആരോഗ്യ നിലയില്‍ പുരോഗതി ഇല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പെണ്‍കുട്ടി ഇപ്പോഴും വെന്റിലേറ്ററില്‍ തുടരുകയാണ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്നലെ തിരുവല്ലയില്‍ വച്ചാണ് വിവാഹാഭ്യര്‍ത്ഥന നടത്തിയ ആളുടെ ആക്രമണത്ത് പെണ്‍കുട്ടി ഇരയായത്.

