പേരാമ്പ്ര: പൂഴിത്തോട് മേഖലയിലെ വന്യ മൃഗശല്യത്തിനെതിരെ നടപടി സ്വകരിക്കണമെന്നാവശ്യപ്പെട്ട് വിഫാമിന്റെ നേതൃത്വത്തില്‍ കര്‍ഷകര്‍ പൂഴിത്തോട് ഡി.എഫ്.ഒ ഓഫീസ് ഉപരോധിച്ചു . കഴിഞ്ഞ മൂന്നു ദിവസമായി പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമായിരിക്കയാണ്.
കൂട്ടത്തോടെ നാട്ടിലിറങ്ങുന്ന കാട്ടാനകള്‍ കൃഷിയിടങ്ങളില്‍ ഇറങ്ങി വന്‍ നാശനഷ്ടമാണ് വരുത്തുന്നത്.
ഫോറസ്റ്റ് ഓഫീന്റെ തൊട്ടടുത്തു താമസിക്കുന്ന വെട്ടിക്കല്‍ ബോബന്റെ കൃഷിയിടത്തില്‍ ഞായറാഴ്ച രാത്രി കാട്ടാനക്കൂട്ടം ഇറങ്ങി കടുത്ത നാശം വരുത്തി. വന്യമൃഗശല്യത്തിനെതിരെ നടപടിയാവശ്യപ്പെട്ടു കര്‍ഷകര്‍ ഫോറസ്റ്റ് ഓഫീസ് ഉപരോധിക്കുകയായിരുന്നു. സംഭവമറിഞ്ഞ് പേരാമ്ബ്ര സി.ഐയുടെയും പെരുവണ്ണാമൂഴി എസ്.ഐ.യുടെയും നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി.
ഡി.എഫ്.ഒ ഉള്‍പ്പടെയുള്ള വനം ഉദ്യോഗസ്ഥര്‍ സമരക്കാരുമായി സന്ധി സംഭാഷണം നടത്തി. കര്‍ഷകര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് ഉടന്‍ അറുതി വരുത്തുമെന്ന് ഡി.എഫ്.ഒ സമരക്കാര്‍ക്ക് ഉറപ്പു നല്‍കി. ഡി.എഫ്.ഒ. കെ.കെ സുനില്‍കുമാര്‍, പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ ബി.ആര്‍ റൂബിന്‍ എന്നിവരാണ് സ്ഥലത്തെത്തി സമര നേതാക്കളുമായി സംസാരിച്ചത് . പൂഴിത്തോട് പള്ളി വികാരി ഫാ.മാത്യു പെരുവേലില്‍, വാര്‍ഡ് മെമ്പര്‍ ടി.ഡി ഷൈല എന്നിവരും പങ്കെടുത്തു.
രാത്രികാല വാച്ചര്‍മാരായി നാട്ടുകാരായ 10 പേരെ കൂടി ഉള്‍പ്പെടുത്തി പട്രോളിംഗ് ശക്തമാക്കും. വന്യമൃഗം നശിപ്പിക്കുന്ന തെങ്ങൊന്നിനു 15000 രൂപ നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് വനം വകുപ്പ് സര്‍ക്കാറിനോട് ആവശ്യപ്പെടും. പൂഴിത്തോട് മുതല്‍ പെരുവണ്ണാമൂഴി വരെ 20 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ റെയില്‍ഫെന്‍സിംഗ് സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കും.
ഈ മാസം 15 നുള്ളില്‍ ഇതിനുള്ള പ്രൊജക്‌ട് വനം വകുപ്പ് സര്‍ക്കാറിനു സമര്‍പ്പിക്കും. നിലവിലുള്ള വൈദ്യുതി വേലിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും എന്നിവയാണ് പ്രധാന തീരുമാനങ്ങള്‍ . ഇതോടെ മുന്‍നിശ്ചയിച്ച രാപ്പകല്‍ സമരം അവസാനിപ്പിക്കുകയാണെന്നു ഫാ.മാത്യു പെരുവേലിയും വി-ഫാം ചെയര്‍മാന്‍ ജോയി കണ്ണം ചിറയും പ്രഖ്യാപിച്ചു.