പി. യു. ചിത്രയ്ക്ക് റെയില്‍വേയില്‍ നിയമനം

പാലക്കാട്: രാജ്യത്തിന്റെ അഭിമാന താരമായ പി. യു. ചിത്രയ്ക്ക് റെയില്‍വേയില്‍ നിയമനം. ഒലവക്കോട് റെയില്‍വേ ഡിവിഷന് ഓഫീസില്‍ സീനിയര്‍ ക്ലര്‍ക്കായാണ് നിയമനം. കേരള സര്‍ക്കാരിലോ റെയില്‍വേയിലോ ജോലി കിട്ടണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും ഇപ്പോള്‍ സന്തോഷമുണ്ടെന്നും ചിത്ര പറഞ്ഞു. ജോലിയില്‍ പ്രവേശിച്ചെങ്കിലും ഓപ്പണ്‍ നാഷണല്‍ മീറ്റില്‍ പങ്കെടുക്കാന്‍ ചൊവ്വാഴ്ച തന്നെ ഭുവനേശ്വറിലേക്ക് പോകും.
റെയില്‍വേ ബോര്‍ഡിന്റെ ഡല്‍ഹി ഓഫീസില്‍ നിന്നുള്ള പ്രത്യേക നിര്‍ദേശ പ്രകാരമാണ് നിയമനം. സംസ്ഥാന സര്‍ക്കാരും ചിത്രയ്ക്ക് ജോലി വാഗ്ദാനം ചെയ്തിരുന്നു. അതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
1500 മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യയുടെ പ്രതീക്ഷയാണ് പി യു ചിത്ര. മുണ്ടൂര്‍ ഹൈസ്കൂളിലെ പരിമിതമായ സൗകര്യങ്ങളില്‍ പരിശീലിച്ചാണ് ചിത്ര രാജ്യാന്തര താരമായി മാറിയത്.

1500 മീറ്റര്‍ ഒാട്ടത്തില്‍ ഒളിമ്ബിക്സ് യോഗ്യത നേടാനുള്ള കഠിന പരിശ്രമം ആരംഭിച്ചു കഴിഞ്ഞു. 2020 വരെ ലക്ഷ്യം ഒളിമ്ബിക്സ് മാത്രം.ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയാണ്. മുണ്ടൂര്‍ ഹൈസ്കൂളിലെ കായികാധ്യാപകന് സിജിനാണ് കോച്ച്.

