പിഷാരികാവ് കാളിയാട്ട മഹോത്സവം: നാളെ ചെറിയ വിളക്ക്
കൊയിലാണ്ടി: പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന്റെ ഭാഗമായുള്ള ചെറിയ വിളക്ക് ഉത്സവം മാര്‍ച്ച് 31-ന് നടക്കും. കാലത്ത് ശീവേലിക്ക് ശേഷം വണ്ണാന്റെ അവകാശ വരവ്, കോമത്ത് പോക്ക് എന്നീ ചടങ്ങുകള്‍ നടക്കും.
ചെറിയവിളക്ക് ദിവസം ക്ഷേത്രത്തിലെ പ്രധാന കോമരം ഉത്സവത്തിന് ക്ഷണിക്കാന്‍ കോമത്ത് പോകുന്ന ചടങ്ങാണിത്. വൈകീട്ട് 4.30-ന് പാണ്ടിമേള സമേതമുളള കാഴ്ചശീവേലി. രാത്രി 7.30-ന് പിന്നണി ഗായകന് മധു ബാലകൃഷ്ണന് നയിക്കുന്ന ഗാനമേള.

കാളിയാട്ടത്തിന്റെ നാലാം ദിവസമായ ബുധനാഴ്ച രാവിലെ ഭക്തിഗാനസുധ ഉണ്ടായിരുന്നു. വൈകീട്ട് നടന്ന കാഴ്ച ശീവേലി ദര്‍ശിക്കാന്‍ നാടിന്റെ നാനാഭാഗത്തുനിന്ന് ഭക്തര്‍ എത്തി. രാത്രി സദനം ശിവകുമാറിന്റെതായിരുന്നു തായമ്പക. കുച്ചിപ്പുടി നര്‍ത്തകി ഡോ. രമാദേവിയും ഭരതാഞ്ജലി മധുസൂദനനും ചേര്‍ന്നൊരുക്കിയ കുച്ചിപ്പുടി നൃത്യാഞ്ജലി ആകര്‍ഷകമായി.

ഏപ്രില്‍ ഒന്നിന് വലിയ വിളക്കും രണ്ടിന് കാളിയാട്ടവുമാണ്. വലിയ വിളക്കിനും കാളിയാട്ടത്തിനും ക്ഷേത്രത്തിലെ പ്രധാന നാന്തകം സ്വര്‍ണ നെറ്റിപ്പട്ടം കെട്ടിയ പിടിയാനപ്പുറത്ത് എഴുന്നള്ളിക്കും.

