KOYILANDY DIARY.COM

The Perfect News Portal

പഴയകാല പ്രൗഢി അസ്തമിക്കുന്നു:കയർ മേഖല പ്രതിസന്ധിയിൽ

കൊയിലാണ്ടി: ചൂടിയുടെ പഴയകാല പ്രൗഢി അസ്തമിക്കുന്നു. ആവശ്യത്തിന് ചകിരിനാര് കിട്ടാത്തതും തൊഴിലാളികൾ മറ്റു തൊഴിലിടങ്ങളിലേക്ക് മാറിപ്പോകുന്നതുമാണ് കയർ മേഖലയിലെ പ്രധാന പ്രശ്നം. സർക്കാർ സബ്‌സിഡികൊണ്ടു മാത്രം ഇനി അധികനാൾ കയർ സഹകരണ സംഘങ്ങൾക്ക് പിടിച്ചുനിൽക്കാൻ കഴിയാത്ത അവസ്ഥയാണ്. ആധുനിക ഓട്ടോമാറ്റിക് സ്പിന്നിങ് മിൽ (എ.എസ്.എം.) ഉൾപ്പെടെയുള്ള സംവിധാനങ്ങൾ മിക്ക കയർ സഹകരണ സംഘങ്ങളിലും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ചകിരിനാര് വേണ്ടത്ര കിട്ടാത്തത് പ്രശ്നമാണ്.

കയർഫെഡാണ് ചകിരിനാര് ഓരോ സംഘങ്ങൾക്കും നൽകുന്നത്. പച്ചത്തൊണ്ട് സംഭരണം ഒരിടത്തും കാര്യക്ഷമമായി നടക്കുന്നില്ല. തമിഴ്‌നാട്ടിലെ വൻകിട കയർ ഫാക്ടറികളിലേക്കും വളം നിർമാണ ശാലകളിലേക്കും കൊണ്ടുപോകാൻവേണ്ടി ഏജന്റുമാർ നാട്ടിലുടനീളമെത്തി പച്ചത്തൊണ്ട് ശേഖരിച്ച്‌ കൊണ്ടുപോകുന്നുണ്ട്. ഇവരോടൊപ്പം മത്സരിക്കാൻ നാട്ടിലെ കയർ സഹകരണ സംഘങ്ങൾക്കാവുന്നില്ല. ഇതുകാരണം തമിഴ്‌നാട്ടിൽ നിന്ന് അധിക വിലയ്ക്ക് ചകിരിനാര് ഇറക്കുമതിചെയ്യേണ്ട അവസ്ഥയുമുണ്ട്.

കാസർകോട്ടു നിന്ന് ചകിരിനാര് ഇറക്കുമതിചെയ്താണ് ഇവിടെ ചൂടിപിരിക്കുന്നത്. മുമ്പൊക്കെ പുഴയിൽ കുഴിയെടുത്ത് തൊണ്ട്‌ ഒരുവർഷത്തോളം പൂഴ്ത്തി പാകപ്പെടുത്തിയശേഷം തല്ലിയായിരുന്നു ചകിരി ഉത്‌പാദിപ്പിച്ചിരുന്നത്. ഇപ്പോൾ ചകിരി പൂഴ്ത്താനോ തൊണ്ടുതല്ലാനോ തൊഴിലാളികളാരും ഇല്ല. മുൻകാലങ്ങളിൽ കൊയിലാണ്ടി ചൂടിക്ക്‌ വിപണിയിൽ വലിയ ഡിമാൻഡായിരുന്നു. അങ്ങാടി വിലനിലവാരത്തിൽപോലും ‘കൊയിലാണ്ടി ചൂടി’ എന്നായിരുന്നു രേഖപ്പെടുത്തുക. അണേല, കുറുവങ്ങാട്, ചേലിയ, ഒള്ളൂര്, കുന്നത്തറ, കാപ്പാട്, കീഴരിയൂർ എന്നിവിടങ്ങളിലെ കയർസൊസൈറ്റികൾ പിരിക്കുന്ന ചൂടിയാണ് കൊയിലാണ്ടി ചൂടിയായി അറിയപ്പെടുന്നത്.

Advertisements

അണേലയിലെ അരിക്കുളം കയർവ്യവസായ സഹകരണ സംഘത്തിൽ 75 തൊഴിലാളി സ്ത്രീകൾ പണിയെടുക്കുന്നുണ്ടെന്ന് പ്രസിഡന്റ് പി.പി. സുരേന്ദ്രൻ പറഞ്ഞു. കൊയിലാണ്ടി ചൂടിയുടെ പഴയകാല പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് സംഘം. വൈക്കം, ബേപ്പൂർ എന്നീ ഇനങ്ങളിൽപ്പെട്ട ചകിരിയാണ് ഇപ്പോൾ ഉത്‌പാദിപ്പിക്കുന്നത്. ഇലക്‌ട്രിക്കൽ റാട്ടയിലും കൈകൊണ്ട് പിരിച്ചുമാണ് ചൂടി നിർമിക്കുന്നത്. കൈകൊണ്ട് പിരിക്കുന്ന ചൂടിയാണ് ബേപ്പൂർ ചൂടി. ഒരുകിലോ ബേപ്പൂർ ചൂടി പിരിച്ചാൽ തൊഴിലാളിക്ക് 50 രൂപ കിട്ടും. വൈക്കം ചൂടിക്ക്‌ 35 രൂപയാണ് കിട്ടുക. മൂന്നുകിലോ മുതൽ ഏഴുകിലോ ചൂടിവരെ പിരിക്കുന്ന തൊഴിലാളികളുണ്ട്.

അണേല കയർ സൊസൈറ്റി പ്രതിവർഷം 185 കിന്റലോളം ചൂടി ഉത്‌പാദിപ്പിക്കുന്നുണ്ട്. 1977-ലാണ് ഈ കയർ സഹകരണ സംഘം ആരംഭിച്ചത്. അണേലയിലും മഞ്ഞളാട്ടുകുന്നിലുമായി ഒരു ഏക്കറോളം സ്ഥലം സൊസൈറ്റിക്കുണ്ട്. മഞ്ഞളാട്ടു കുന്നിൽ പച്ചത്തൊണ്ട് അടിച്ച് ചകിരിയാക്കുന്ന യൂണിറ്റ് തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. പി.പി. സുരേന്ദ്രൻ പ്രസിഡന്റും സി.കെ.രൂപ സെക്രട്ടറിയുമായ സൊസൈറ്റിയിൽ സി. ശങ്കരൻ നമ്പ്യാർ, ഗിരിജ തെറ്റിക്കുന്ന്, കെ.ഷീബ, പ്രീതി നായ്ക്കനാരി, ഗൗരി പുതിയോട്ടിൽ, ദേവി പുതുക്കുടി എന്നിവർ ഡയറക്ടർമാരാണ്.

ജില്ലയിൽ 65 കയർ സഹകരണസംഘങ്ങളിലായി പതിനായിരത്തോളം തൊഴിലാളികൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. കൂലിക്കുറവാണ് ചകിരിത്തൊഴിലാളികൾ അനുഭവിക്കുന്ന പ്രധാന പ്രശ്നം. റാട്ടയിൽ ഒരു സ്ത്രീത്തൊഴിലാളി ഒരു ദിവസം ആറുമുതൽ ഏഴുകിലോ ചകിരിയാണ് ശരാശരി പിരിക്കുക. ഒരുകിലോ ചൂടി പിരിച്ചാൽ 35 രൂപയാണ് കൂലിയായി ലഭിക്കുക. പ്രതിദിനം 300 രൂപയോളമേ ഇവർക്ക് വരുമാനമുള്ളൂ. മറ്റൊരു പണിയും ഇല്ലാതെ വരുമ്പോഴാണ് സ്ത്രീകൾ ചൂടിപിരിക്കാൻ എത്തുക. തൊഴിലുറപ്പുപണിയുണ്ടാകുമ്പോൾ ഇവർ അതിനുപോകും.

Share news

Leave a Reply

Your email address will not be published. Required fields are marked *