പള്‍സര്‍ സുനിയുടെ അഭിഭാഷകനെ നുണപരിശോധനയ്ക്ക് വിധേയനാക്കാന്‍ തീരുമാനം

കൊച്ചി: കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിലെ പ്രതി പള്‍സര്‍ സുനിയുടെ അഭിഭാഷകനെ നുണപരിശോധനയ്ക്ക് വിധേയനാക്കാന്‍ തീരുമാനം. കേസിലെ നിര്‍ണ്ണായക തെളിവായ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും അഭിഭാഷകന്റെ കൈയില്‍ ഉണ്ടെന്ന നിഗമനത്തെ തുടര്‍ന്നാണ് അന്വേഷണ സംഘം പുതിയ നീക്കം ആരംഭിച്ചത്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍ അഭിഭാഷകനെ ഏല്‍പ്പിച്ചതായി പള്‍സര്‍ സുനി മൊഴി നല്‍കിയിരുന്നു.
നടി ആക്രമിക്കപ്പെട്ട രാത്രി പ്രതികള്‍ നേരിട്ടെത്തി മൊബൈല്‍ ഫോണും പാസ്പോര്‍ട്ടും മറ്റ് രേഖകളും ഏല്‍പ്പിച്ചെന്ന് അഭിഭാഷകന് പറഞ്ഞിരുന്നു. പിടിയിലാവുന്നതിനു മുന്‍പ് ഈ അഭിഭാഷകന് മുഖേനെയാണ് പള്‍സര്‍ സുനില്‍ കോടതിയിലേക്കുള്ള ജാമ്യാപേക്ഷ നല്‍കിയത്. എന്നാല്‍ അഭിഭാഷകന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും ഫോണ്‍ കണ്ടെത്താന്‍ സാധിച്ചില്ല. പൊലീസിന്റെ ചോദ്യം ചെയ്യലിനോട് ഇയാള്‍ സഹകരിച്ചിരുന്നില്ല. ഇ പശ്ചാത്തലത്തിലാണ് ഇയാളെ നുണപരിശോധനയ്ക്ക് വിധേയനാക്കാന്‍ പൊലീസ് തയ്യാറാവുന്നത്.

മൊബൈല്‍ ഫോണ്‍ സംബന്ധിച്ച വിവരങ്ങള്‍ക്കായി പൊലീസ് പലതവണ പള്‍സര്‍ സുനിയെ ചോദ്യം ചെയ്തിരുന്നുവെങ്കിലും പല തവണ മൊഴി മാറ്റി പറയുന്ന അവസ്ഥയാണു ഉണ്ടായിരുന്നത്. ഫോണ്‍ കായലില്‍ കളഞ്ഞുവെന്നും ഓടയില്‍ ഉപേക്ഷിച്ചുവെന്നും കാണാതായെന്നുമുള്ള മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും ഫോണ്‍ കണ്ടെത്താന്‍ സാധിച്ചില്ല.ഇത് അന്വേഷണത്തെ സംഘത്തെ കുഴയ്ക്കുന്ന സാഹചര്യത്തിലാണ് അഭിഭാഷകനോട് പറഞ്ഞ കാര്യങ്ങള്‍ അറിയാന്പൊലീസ് നുണപരിശോധനയ്ക്ക് ഒരുങ്ങുന്നത്.

