‘പരിപ്രേക്ഷ്യം’ ആസൂത്രണ ബോര്‍ഡ് യോഗത്തില്‍ അവതരിപ്പിച്ചു രണ്ടുലക്ഷം കോടി രൂപയുടെ വികസന ലക്ഷ്യം

തിരുവനന്തപുരം > സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിന് ഊന്നല്‍ നല്കുന്ന പഞ്ചവത്സര പദ്ധതി പരിപ്രേക്ഷ്യം സംസ്ഥാന ആസൂത്രണ ബോര്‍ഡ് യോഗത്തില്‍ അവതരിപ്പിച്ചു. സാമ്പത്തിക മുരടിപ്പിന് അറുതിവരുത്തി എല്ലാ മേഖലയിലും വികസന മുന്നേറ്റത്തിനുള്ള പദ്ധതിപ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കമാകുന്നത്. കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിച്ച പഞ്ചവത്സരപദ്ധതി ആസൂത്രണം കേരളം ഉപേക്ഷിക്കില്ലെന്ന എല്‍ഡിഎഫ് പ്രഖ്യാപനത്തിന്റെ തുടര്‍ച്ചയാണ് ആസൂത്രണ ബോര്‍ഡ് തീരുമാനം. എല്‍ഡിഎഫ് സര്‍ക്കാര്‍ ചുമതലയേറ്റശേഷം പുനഃസംഘടിപ്പിച്ച ആസൂത്രണ ബോര്‍ഡിന്റെ ആദ്യ പൂര്ണയോഗമായിരുന്നു വ്യാഴാഴ്ച.
പതിമൂന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത് രണ്ടുലക്ഷം കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് ലക്ഷ്യം. 12–ാം പഞ്ചവത്സര പദ്ധതിയില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 1,02,000 കോടി രൂപയുടെ പദ്ധതികളാണ് ലക്ഷ്യമിട്ടത്. എന്നാല്‍, ഈ വര്‍ഷത്തെ കണക്കുകൂടി പരിശോധിച്ചാലും ചെലവ് 85,000 കോടി കടക്കില്ല. ഇതിന്റെ ഇരട്ടിയിലേറെയാണ് അടുത്ത അഞ്ചുവര്‍ഷത്തെ ലക്ഷ്യം. ജനപങ്കാളിത്തത്തോടെ പദ്ധതി പൂര്‍ത്തീകരണം സുഗമമായി നടപ്പാക്കാന്‍ കഴിയുമെന്ന് ആസൂത്രണ ബോര്‍ഡ് യോഗത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി. വാര്‍ഷിക പദ്ധതിയുടെയും പഞ്ചവത്സര പദ്ധതിയുടെയും തയ്യാറാക്കല്‍ നടപടിക്രമങ്ങള്‍ക്ക് ആസൂത്രണ ബോര്‍ഡ് യോഗം അന്തിമ രൂപം നല്കി. വിവിധ മേഖലകള്‍ക്കുള്ള പദ്ധതി അടങ്കല്‍ അടക്കമുള്ള കാര്യങ്ങളുടെ പ്രാഥമിക ചര്‍ച്ചയും നടന്നു. വിശദ തീരുമാനങ്ങള്‍ രണ്ടുമാസത്തിനുള്ളിലുണ്ടാകും. വിവിധ കര്മസംഘങ്ങളും രൂപീകരിച്ചു.

തൊഴില്‍രംഗത്തെ വികസനത്തിനായിരിക്കും പഞ്ചവത്സര പദ്ധതിയില്‍ മുന്‍ഗണന. സാമൂഹിക നീതിയില്‍ അധിഷ്ഠിതമായ ജനപങ്കാളിത്തം ഉറപ്പാക്കിയുള്ള വികസനപ്രക്രിയ ഉറപ്പാക്കും. പൊതുനിക്ഷേപവും സാമൂഹ്യനിയന്ത്രണത്തിലുള്ള നിക്ഷേപവും വര്‍ധിപ്പിക്കുന്ന തന്ത്രത്തിനാകും രൂപംനല്‍കുക. പരമ്പരാഗതമേഖലയ്ക്ക് സമ്പൂര്‍ണ സാമൂഹ്യ സുരക്ഷിതത്വം ഉറപ്പാക്കിയാകും പുതിയ വികസനതന്ത്രം.

കേന്ദ്ര ആസൂത്രണ ബോര്‍ഡിനെ നിതി ആയോഗ് ആക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം സംസ്ഥാനത്തിന്റെ പഞ്ചവത്സര പദ്ധതി പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്നാണ് ആസൂത്രണ ബോര്‍ഡിന്റെ വിലയിരുത്തല്‍. കേന്ദ്രാവിഷ്കൃത പദ്ധതികള്‍ സംസ്ഥാനത്തിന്റെ പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടുത്തില്ല. കേന്ദ്രാവിഷ്കൃത പദ്ധതികള്‍ അതേ നിലയില്‍ത്തന്നെ നടപ്പാക്കും. ഇവയുടെ നടത്തിപ്പിലെ പോരായ്മകള്‍ പരിഹരിക്കും. വലിയ തോതിലുള്ള വികസനത്തിനായിരിക്കും 13–ാം പദ്ധതിയില്‍ ഊന്നല്‍.

