പന്തലായനി ബി.ആർ.സി യിൽ മലയാള തിളക്കം ആരംഭിച്ചു

കൊയിലാണ്ടി : പിന്നോക്കക്കാരായ കുട്ടികൾക്ക് അക്ഷരമുറപ്പിക്കാനുളള പങ്കാളിത്തപരിശീലന പരിപാടി മലയാളതിളക്കം സർവശിക്ഷാ അഭിയാന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ചു. അധ്യാപകർക്ക് നേരിട്ട് പരിശീലനം നൽകുന്നതിന് പകരം പിന്നോക്കക്കാരായ കുട്ടികൾക്ക് സംസ്ഥാന തലത്തിൽ പരിശീലനം നേടിയ അധ്യാപകർ ക്ലാസ് എടുക്കുകയും ഇത് അധ്യാപകർ രണ്ടുദിവസം നിരീക്ഷിക്കുകയും ഇതേ രീതിയിൽ തുടർന്നുളള മൂന്നുദിവസങ്ങളിൽ തൊട്ടടുത്ത വിദ്യാലയങ്ങളിലെ കുട്ടികളിൽ ട്രൈ ഔട്ട് നടത്തുകയും വേണം. തങ്ങളുടെ വിദ്യാലയങ്ങളിൽ ഇതേ രീതി അനുവർത്തിച്ചാണ് അധ്യാപകർ പരിഹാരബോധനം നടത്തേണ്ടത്.
പന്തലായനി ബ്ലോക്കുതല പരിശീലന പരിപാടി കെ ദാസൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബി.പി.ഒ എം ജി ബൽരാജ് അധ്യക്ഷത വഹിച്ചു. നഗരസഭാ സ്ഥിരം സമിതി ചെയർമാൻ കെ.ഷിജു, ടി.കെ ഇന്ദിര എന്നിവർ പ്രസംഗിച്ചു. കെ.എം ലൈല സ്വാഗതവും ഒ പ്രേമ നന്ദിയും പറഞ്ഞു.

