പനിബാധിച്ച് എത്തുന്നവരില്‍ ഗുരുതരാവസ്ഥയിലുള്ളവരെ മാത്രമേ ആശുപത്രികളിലേക്ക് റഫർ ചെയ്യൂ

കോഴിക്കോട്: പനിബാധിച്ച് എത്തുന്നവരില്‍ ഗുരുതരാവസ്ഥയിലുള്ളവരെയും അടിയന്തരചികിത്സ വേണ്ടവരെയും മാത്രമേ മെഡിക്കല്‍ കോളേജ് ആശു പത്രികളിലേക്ക് റഫര്‍ ചെയ്യുകയുള്ളൂവെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്.എല്‍. സരിത പറഞ്ഞു.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പനി അവലോകനയോഗ തീരുമാനം മാധ്യമപ്രവര്‍ത്തകരോട് പങ്കുവെക്കുകയായിരുന്നു ഡയറക്ടര്‍. ഡി.എച്ച്.എസ്. മെഡിക്കല്‍ കോളേജിലെ വിവിധവിഭാഗം ഡോക്ടര്‍മാരുടെ പരിജ്ഞാനംകൂടി ഉള്‍പ്പെടുത്തി രോഗികള്‍ക്ക് മതിയായ ചികിത്സ നല്‍കുന്നതിന് കൂടുതലായി എന്ത് ചെയ്യാനാകുമെന്ന് കണ്ടെത്തുന്നതിന് കൂടിയാണ് യോഗം വിളിച്ചതെന്ന് ഡയറക്ടര്‍ പറഞ്ഞു.

പനിബാധയുള്ള രോഗികളില്‍ ഏതെല്ലാം അവസ്ഥയിലുള്ളവരെ ഉയര്‍ന്ന ചികിത്സ കേന്ദ്രങ്ങളിലേക്ക് റഫര്‍ ചെയ്യണമെന്ന നിര്‍ദേശം പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ നല്‍കും. പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ എത്തുന്നവര്‍ക്ക് ഏതെല്ലാം പരിശോധന നടത്തണമെന്ന കാര്യവും ചര്‍ച്ച ചെയ്തിട്ടുണ്ട്. ഡെങ്കി പ്പനിയെക്കുറിച്ച് ആശങ്കങ്ങള്‍ കൂടിയതോടെ പലരോഗികളും നേരിട്ട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടുകയാണ്. 32 രോഗികളെ ചികിത്സിക്കേണ്ട വാര്‍ഡില്‍ നൂറുമുതല്‍ 150 വരെ രോഗികള്‍ എത്തിച്ചേരാന്‍ കാരണമിതാണ്. വിദഗ്ധചികിത്സ വേണ്ടാത്തവര്പോലും അക്കൂട്ടത്തില്‍ എത്തിച്ചേരുന്നത് ആവശ്യമുള്ളവര്‍ക്ക് ചികിത്സ കിട്ടാതാകാന്‍ ഇടയാക്കും.

സ്വയം ചികിത്സയാണ് പലര്‍ക്കും രോഗക്കൂടുതല് ഉണ്ടാകാന്‍ പ്രധാന കാരണമാകുന്നത്. പലരും കടുത്ത വേദനാ സംഹാരികള്‍ ഉള്‍പ്പെടെ സ്വയം വാങ്ങിക്കഴിക്കുന്നുണ്ട്. ഇതെല്ലാം ഒഴിവാക്കേണ്ടതാണ്. കോഴിക്കോട് മാത്രമല്ല സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ചില പ്രദേശങ്ങളില്‍ ഡെങ്കിപ്പനി രൂക്ഷമായി ബാധിച്ചിട്ടുണ്ട്. ഇങ്ങനെയുള്ള പ്രദേശങ്ങളെ ഡെങ്കി ഹോട്ട് സ്പോട്ടായി രേഖപ്പെടുത്തി പ്രത്യേക ചികിത്സ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചികിത്സാ കേന്ദ്രങ്ങളില്‍ പ്രത്യേക ഡെങ്കി കോര്‍ണര്‍ രൂപവത്കരിച്ചിട്ടുണ്ടെന്നും ഡയറക്ടര്‍ കൂട്ടിച്ചേര്‍ത്തു.

മുന്‍ വര്‍ഷങ്ങളേക്കാള്‍ ഇത്തവണ ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധന ഉണ്ടായിട്ടുണ്ട്. ഇത് മഴക്കാലപൂര്‍വ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താത്തതു കൊണ്ടാണെന്ന ആരോപണം അടിസ്ഥാന രഹിതമാണ് -ഡോ. ആര്.എല്‍. സരിത പറഞ്ഞു.
