പതിമ്മൂന്നുകാരന്റെ മുഖത്ത് ചൂടുവെള്ളമൊഴിച്ച് പൊള്ളിച്ച കേസിലെ പ്രതി പോലീസില്‍ കീഴടങ്ങി

താമരശ്ശേരി: ബേക്കറിയില്‍ ചായ നല്കാന് നിന്ന പതിമ്മൂന്നുകാരന്റെ മുഖത്ത് ചൂടുവെള്ളമൊഴിച്ച് പൊള്ളിച്ച കേസിലെ പ്രതി പോലീസില്‍ കീഴടങ്ങി. താമരശ്ശേരി ചുടലമുക്ക് അരേറ്റക്കുന്നുമ്മല്‍ അബ്ദുള്‍സലാമാണ് (26) താമരശ്ശേരി പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. അറസ്റ്റ് രേഖപ്പെടുത്തി താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
കുട്ടിയുടെ ബന്ധു താമരശ്ശേരി കുടുക്കിലുമ്മാരത്ത് നടത്തുന്ന ബേക്കറിയില്‍ കഴിഞ്ഞ മാസം പതിമ്മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. ചായകുടിക്കാനെത്തിയ പ്രതിക്ക് കടയിലുണ്ടായിരുന്ന കുട്ടി ചായ നല്കി. ചായക്ക് ചൂടുകുറവാണെന്ന് പറഞ്ഞ പ്രതി ചൂടുവെള്ളം ചോദിക്കുകയും അത് കൊടുത്തപ്പോള്‍ കുട്ടിയുടെ മുഖത്തേക്ക് ഒഴിക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു.

പൊള്ളലേല്‍ക്കുന്ന ദ്രാവകം മുഖത്ത് ഒഴിച്ച് പരിക്കേല്‍പ്പിച്ചതിന്റെ പേരില്‍ ഐ.പി.സി. 326 (ബി) പ്രകാരമാണ് കേസെടുത്തത്. സംഭവത്തിനുശേഷം ഒളിവില്‍പ്പോയ ഇയാള്‍ കോഴിക്കോട് സെഷന്‍സ് കോടതിയില്‍ നല്കിയ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥനു മുമ്പില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചു. തുടര്‍ന്നാണ് താമരശ്ശേരി പോലീസില്‍ ഹാജരായത്. ഇയാള്‍ നാല് അടിപിടിക്കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

