നീണ്ടകരയില്‍ മത്സ്യബന്ധന ബോട്ട് കത്തിനശിച്ചു

ചവറ: ശക്തികുളങ്ങര കല്ലുംപുറത്ത് കടവില്‍ മത്സ്യബന്ധനത്തിനു പോകാനായി തയാറെടുത്തിരുന്ന ബോട്ട് കത്തിനശിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ശക്തികുളങ്ങര വിനായകത്തില്‍ ഗോപാലകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള “പ്രബിതകം’ എന്ന ബോട്ടാണ് കത്തിനശിച്ചത്. ബോട്ടിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടര്‍ കത്തിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.
അപകട സമയത്ത് ഒമ്ബത് മത്സ്യതൊഴിലാളികള്‍ ബോട്ടിലുണ്ടായിരുന്നു. ബോട്ടില്‍ തീപടര്‍ന്നതിന് പിന്നാലെ ഇവര്‍ കരയിലേക്ക് ചാടി രക്ഷപെടുകയായിരുന്നു. ബോട്ട് സ്റ്റാര്‍ട്ട് ചെയ്ത് നീങ്ങാന്‍ തുടങ്ങുന്ന സമയത്താണ് തീപിടുത്തമുണ്ടായത്.

ചവറ, ചാമക്കട, കടപ്പാക്കട എന്നിവിടങ്ങളില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് യൂണിറ്റുകളാണ് തീയണച്ചത്. 30 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചുവെന്നാണ് ബോട്ടുടമ വ്യക്തമാക്കിയിരിക്കുന്നത്.

