നിര്‍ണായക തെരഞ്ഞെടുപ്പില്‍ ആരാണ് മുഖ്യശത്രുവെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണം: യെച്ചൂരി

കൊച്ചി> വരാനിരിക്കുന്ന നിര്‍ണായക തെരഞ്ഞെടുപ്പില്‍ ആരാണ് മുഖ്യശത്രുവെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എറണാകുളം പ്രസ്ക്ലബ്ബില്‍ മീറ്റ് ദി പ്രസില്‍ സംസാരിക്കുകയായിരുന്നു യെച്ചൂരി.
ജനദ്രോഹ നടപടികള്‍ നയമാക്കിയ നരേന്ദ്രമോഡിയെ പുറത്താക്കുകയും ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കുകയുമാണ് ഈ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ ലക്ഷ്യം. ഫാസിസ്റ്റ് ശക്തികള്‍ ഇന്ത്യ ആര്‍ജിച്ച മതേതരമൂല്യങ്ങളെ തുടച്ചുനീക്കാനാണ് ശ്രമിക്കുന്നത്. വരാന്‍ പോകുന്നത് നിര്‍ണായകമായ തെരഞ്ഞെടുപ്പാണ്.മോഡി സര്‍ക്കാരിനെ അധികാരത്തില്‍നിന്ന് പുറത്താക്കുകയും മതനിരപേക്ഷത സംരക്ഷിക്കുന്ന ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കുകയുമാണ് ലക്ഷ്യം. മതേതര സ്വഭാവത്തോടെ ഇന്ത്യയെ നില്നിര്ത്താനാകുമോ എന്നതാണ് ചോദ്യം. അതിനായി ഈ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ ശക്തി വര്‍ദ്ധിപ്പിക്കണം. യെച്ചൂരി പറഞ്ഞു.

ഇടതുപക്ഷത്തിന്റെ കരുത്ത് വര്ധിച്ചാലതിന്റെ ഗുണം രാജ്യത്തിനാണ്. 2004ലെ അനുഭവം ഇതു തെളിയിച്ചതാണ്. ജനങ്ങള്‍ക്ക് ഗുണകരമായ ഒരുപാട് കാര്യങ്ങള്‍ അന്നത്തെ സര്‍ക്കാരിനെക്കൊണ്ട് നടപ്പാക്കാന്‍ ഇടതുപക്ഷത്തിനായി. തെരഞ്ഞെടുപ്പിനു മുമ്ബ് സഖ്യമുണ്ടാക്കുന്ന രീതി ദേശീയരാഷ്ട്രീയത്തിലില്ല.2019ലും ഇതുതന്നെ സംഭവിക്കും.നുണകളാല്‍ കെട്ടിപ്പൊക്കിയ കൊട്ടാരമാണ് ബിജെപി സര്‍ക്കാരെന്നും യെച്ചൂരി പറഞ്ഞു.

കേരളത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 2004 നു സമാനമായ സാഹചര്യമാണ് ഒരുങ്ങുന്നത്. കേരളത്തില്‍ ബിജെപി ചിത്രത്തിലില്ല. എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ നേരിട്ടുള്ള മത്സരമാണിവിടെ. രാജ്യം മുഴുവന്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ ഒറ്റക്കെട്ടാവുമ്ബോള് ഇടതുപക്ഷത്തെ പരാജയപ്പെടുത്താനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെന്നും യെച്ചൂരി ചോദിച്ചു

