KOYILANDY DIARY.COM

The Perfect News Portal

നിരാലംബരായ രണ്ടു കുടുംബങ്ങളെ ദത്തെടുത്ത് മാതൃകയായി ലവ് ആന്റ് സെര്‍വ് കൈത്താങ്ങ് പദ്ധതി

എടത്തനാട്ടുകര : ശ്രദ്ധേയമായ നിരവധി ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ച എടത്തനാട്ടുകര മൂച്ചിക്കല്‍ ഗവ. എല്‍. പി. സ്‌കുളിനു കീഴില്‍ നിരാലംബരായ രണ്ട് കുടുംബങ്ങളെ ദത്തെടുത്ത് സഹായമേകിയ ലവ് ആന്റ് സെര്‍വ് കൈത്താങ്ങ് പദ്ധതി നാടിന് മാതൃകയാകുന്നു.

വിദ്യാര്‍ഥികളായ രണ്ട് മക്കളേയും ഭാര്യയേയും ബാക്കിയാക്കി കുടുംബനാഥന്‍അകാലത്തില്‍ മരണമടഞ്ഞ ഒരു കുടുംബത്തേയും ജോലിക്കിടെയുണ്ടായ അപകടത്തില്‍ നട്ടെല്ലിനും സുഷുംനക്കും പരിക്കുപറ്റി ജീവിതം വീല്‍ ചെയറില്‍ തള്ളി നീക്കുന്ന ഒരു ഭിന്ന ശേഷിക്കാരന്റെ കുടുംബത്തേയുമാണ് മൂച്ചിക്കല്‍ സ്‌കൂളിലെ ലവ് ആന്റ് സെര്‍വ് കൈത്താങ്ങ് പദ്ധതിക്കു കീഴില്‍ ദത്തെടുത്തത്.

ദത്തെടുത്ത രണ്ട് കുടുംബങ്ങളിലെ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ പഠന സഹായങ്ങള്‍, കളിയുപകരണങ്ങള്‍, ആഘോഷ വേളകളില്‍ വിദ്യാര്‍ഥികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പുതു വസ്ത്രങ്ങള്‍ എന്നിവ പദ്ധതിയുടെ ഭാഗമായി എത്തിച്ച്‌ കൊടുക്കുന്നു. കൂടാതെ രണ്ട് കുടുംബങ്ങള്‍ക്കും ഭക്ഷണ സാധനങ്ങള്‍ വാങ്ങുന്നതിനായി മാസം തോറും ആയിരം രൂപയുടെ സഹായവും നല്‍കി വരുന്നു. പണം നേരിട്ട് കുടുംബങ്ങള്‍ക്ക് നല്‍കാതെ ഭക്ഷ്യ വസ്തുക്കള്‍ കടകളില്‍ നിന്നായി വാങ്ങുന്നതിനുള്ള സൗകര്യം ഒരുക്കിയാണ് പദ്ധതി നടപ്പിലാക്കിയത്.മാസം തോറും സ്‌കൂളില്‍ നിന്നും കടകളില്‍ പണമെത്തിക്കുന്നു.

Advertisements

കൈത്താങ്ങ് ആവശ്യമായവര്‍ക്ക്സഹായം നേരിട്ടെത്തിക്കുന്ന ഈ പദ്ധതിക്ക് മലപ്പുറം മക്കരപറമ്ബ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലവ് ആന്റ് സെര്‍വ് സന്നദ്ധ സംഘടനയാണ് സാമ്ബത്തിക സഹായം നല്‍കുന്നത്. ലവ് ആന്റ് സെര്‍വ്വ് ജീവ കാരുണ്യ പദ്ധതികളെപ്പറ്റി കേട്ടറിഞ്ഞ സുമനസ്സുള്ള രണ്ട് പ്രവാസികളാണ് കൈത്താങ്ങ് പദ്ധതിക്ക് പണം സ്‌പോണ്‍സര്‍ ചെയ്തത്.

സ്‌കൂള്‍ പി. ടി. എ കമ്മറ്റിയുടെയും അധ്യാപകരുടെയും ശ്രമ ഫലമായി ആരംഭിച്ച പദ്ധതി ഗ്രാമ പഞ്ചായത്ത് അംഗം സി. മുഹമ്മദാലി ഉല്‍ഘാടനം ചെയ്തു. കൈത്താങ്ങ് പദ്ധതിക്കുള്ള ഫണ്ട് ലവ് ആന്റ് സെര്‍വ്വ് കൊ ഓര്‍ഡിനേറ്റര്‍ ബഷീര്‍ കരിഞ്ചാപ്പാടിയില്‍ നിന്നും എം. പി. ടി. എ പ്രസിഡന്റ് പി. ടി. ഉഷ ഏറ്റു വാങ്ങി.

എം. പി. ടി. എ പ്രസിഡന്റ് പി. ടി. ഉഷ, ലവ് ആന്റ് സെര്‍വ്വ് കൊ ഓര്‍ഡിനേറ്റര്‍ ബഷീര്‍ കരിഞ്ചാപ്പാടി, പ്രധാനാധ്യാപിക എ. സതീ ദേവി, സി. കെ. ഹസീനാ മുംതാസ്, എ. സീനത്ത്, പി. അബ്ദുസ്സലാം, പി. ജിഷ, കെ. രമാ ദേവി എന്നിവര്‍ പ്രസംഗിച്ചു. ലവ് ആന്റ് സെര്‍വ്വ് വളണ്ടിയര്‍ മുഹമ്മദാലി പോത്തുകാടന്‍, പി. ടി. എ പ്രസിഡന്റ് ഒ. മുഹമ്മദ് അന്‍വര്‍, പി. ടി. എ വൈസ് പ്രസിഡന്റ് മജീദ് പൂളക്കല്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

മഴപ്രളയത്തിന്റെ കെടുതിയില്‍ ആണ്ടു പോയ നിരാലംബരായ 15 (പതിനഞ്ച്) കുടുംബങ്ങള്‍ക്ക് ‘ലവ് ആന്റ് സെര്‍വ് സ്‌നേഹ കിറ്റ്’ സംവിധാനവും അശരണരായ 20 കുടുംബങ്ങള്‍ക്ക് ഇഫ്താര്‍ കിറ്റ് സഹായവും, നൂറോളം വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്ത സ്‌നേഹ സ്പര്‍ശം പദ്ധതിയും മലപ്പുറം മക്കരപറമ്ബ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലവ് ആന്റ് സെര്‍വ് സന്നദ്ധ സംഘടനയുടെ സഹായത്തോടെ സ്‌കൂളില്‍ ഒരുക്കിയിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *