നിപ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ പ്രത്യേക പഠനം നടത്താന്‍ തീരുമാനം

നിപ വൈറസ് ഉറവിടം കണ്ടെത്താൻ വകുപ്പുകള്‍ ഏകോപിപ്പിച്ച് പ്രത്യേക സംഘത്തെ നിയമിക്കും
തിരുവനന്തപുരം: നിപ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ പ്രത്യേക പഠനം നടത്താന്‍ തീരുമാനം. ആരോഗ്യ വകുപ്പും മൃഗസംരക്ഷണ വകുപ്പും വനം വകുപ്പും ചേര്‍ന്നാണ് പഠനം നടത്തുക. ലോകാരോഗ്യ സംഘടനയുടെയും ഐസിഎംആറിന്റെയും സഹായത്തോടെയാകും പഠനം. വവ്വാലുകളില്‍ വൈറസ് സാന്നിധ്യം കണ്ടെത്താനാവാത്ത സാഹചര്യത്തിലാണ് തീരുമാനം. അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനാണ് ഏകോപനച്ചുമതല.
നിപ ബാധയേറ്റ് ആദ്യം മരിച്ച സാബിത്തിന്റെ വീട്ടില്‍ നിന്ന് പിടികൂടിയ വവ്വാലുകളിലെയും പ്രദേശത്തു നിന്ന് പിടികൂടിയ പഴംതീനി വവ്വാലുകളിലെയും സാംപിള്‍ പരിശോധനയില്‍, ഇവ നിപ വൈറസ് വാഹകരല്ലെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വീട്ടിലെ മുയലിലും പരിശോധന നടത്തിയെങ്കിലും വൈറസ് സാന്നിധ്യം കണ്ടെത്താനായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഉറവിടം കണ്ടെത്താനുള്ള ശ്രമം ആരോഗ്യവകുപ്പ് ഊര്‍ജിതമാക്കുന്നത്.

അതേസമയം നിപ വൈറസ് ബാധ വിലയിരുത്താന്‍ മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷിയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ഉച്ചതിരിഞ്ഞ് മൂന്നു മണിക്കാണ് യോഗം. ഓസ്ട്രേലിയയില്‍ നിന്നെത്തിച്ച മരുന്ന് നല്‍കുന്നതിനായുളള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കാനായി ഐസിഎംആറില്‍ നിന്നുളള സംഘം ഇന്ന് കോഴിക്കോട്ടെത്തും.

നിപ വൈറസ് തിരിച്ചറിഞ്ഞ് രണ്ടാഴ്ചയായിട്ടും ഭീതി വിട്ടൊഴിയാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രി സര്‍കക്ഷിയോഗം വിളിക്കുന്നത്. യോഗത്തിനു മുന്നോടിയായി കോഴിക്കോട്ടെ സ്ഥിതിഗതികള്‍ മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി വിലയിരുത്തി. വൈറസ് ബാധ പ്രതിരോധിക്കാന്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ വിലയിരുത്തുകയും രോഗവ്യാപന സാധ്യത തടയാനുളള കര്‍മ പരിപാടികള്‍ക്ക് രൂപം നല്‍കുകയുമാണ് ലക്ഷ്യം.

