നവകേരളത്തിനായി ഒന്നിച്ച് മുന്നേറണമെന്ന് മുഖ്യമന്ത്രി
കൊച്ചി: നാടിന്റെ വികസനത്തിനായി രാഷ്ട്രീയ വ്യത്യാസമില്ലാതെ ഒന്നിച്ച് മുന്നേറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്തിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പിന്തുണ ആവശ്യമാണെന്നും ഇക്കാര്യത്തില്‍ ഇതുവരെ വളരെ അനുകൂലമായ സമീപനങ്ങളാണ് കേന്ദ്രസര്‍ക്കാരില്‍ നിന്നും ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി മെട്രോയുടെ ഉദ്ഘാടനവേദിയില്‍ മൊബൈല്‍ വണ്‍ മെട്രോ ആപ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കൊച്ചി മെട്രോയുടെ ഉദ്ഘാടനം ആര് നിര്‍വ്വഹിക്കണം എന്ന കാര്യത്തില്‍ സര്‍ക്കാരിന് അശേഷം സംശയം ഉണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി തന്നെ നിര്‍വ്വഹിക്കണം എന്നതായിരുന്നു സര്‍ക്കാരിന്റെ നിലപാട്. പ്രധാനമന്ത്രിയുടെ സൗകര്യത്തിനായി കാത്തിരുന്നാണ് ഉദ്ഘാടനം തീരുമാനിച്ചത്. ഇക്കാര്യത്തില്‍ വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചവര്‍ക്ക് അത് തിരിച്ചടിയായി.

മെട്രോ സാക്ഷാത്കരിച്ചതിന് പിന്നിലെ ഇ ശ്രീധരന്റെ സേവനം ആര്‍ക്കും മറക്കാന്കഴിയില്ലെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ നേതൃപാടവം കൊച്ചി മെട്രോയുടെ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സഹായിച്ചുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇ ശ്രീധരന്റെ പേര് ഓരോ തവണ പറയുമ്പോഴും സദസില്‍ നിന്ന് നിറഞ്ഞ ഹര്‍ഷാരവമാണ് ഉര്‍ന്നത്.

മെട്രോയുടെ നിര്‍മാണത്തില്‍ ചുക്കാന്‍ പിടിച്ച ഇതരസംസ്ഥാന തൊഴിലാളികളെ മുഖ്യമന്ത്രി പ്രത്യേകം അഭിനന്ദിച്ചു. വര്‍ക്ക് മാത്രമായി മെട്രോയില്‍ ഒരു യാത്ര സംഘടിപ്പിക്കണമെന്ന് മുഖ്യമന്ത്രി പ്രസംഗത്തില്‍ നിര്‍ദ്ദേശിച്ചു. കേരളത്തിന്റെ വികസനത്തില്‍ അവരുടെ പങ്ക് വിസ്മരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വികസന കാര്യങ്ങളില്‍ നാം ഒരുപാട് മുന്നേറാനുണ്ട്. ഇതിന് കേന്ദ്രവും സംസ്ഥാനവും ഒന്നിച്ച് പ്രവര്‍ത്തിക്കണം. കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രത്തില്‍ നിന്ന് ഫലപ്രദമായ സഹായം ഉണ്ടാകണം. സംസ്ഥാനത്തിന്റെ വിഭവശേഷി വളറെ തുച്ഛമാണ്. അതിനാല്‍ കേന്ദ്രത്തിന്റെ കലവറയില്ലാത്ത പിന്തുണ ആവശ്യമാണ്. ഇക്കാര്യത്തില്‍ അനുകൂല സമീപനമാണ് കേന്ദ്രത്തില്‍ നിന്ന് ഇതുവരെ ഉണ്ടായിട്ടുള്ളത്. മുഖ്യമന്ത്രി വ്യക്തമാക്കി.
മെട്രോയുടെ നിര്‍മാണത്തില്‍ കൊച്ചി നിവാസികള്‍ മികച്ച രീതിയില്‍ സഹകരിച്ചു. എല്ലാ വികസന പ്രവര്‍ത്തനങ്ങളുടെ കാര്യത്തിലും എല്ലാവരും ഒന്നിച്ച് നില്‍ക്കണമെന്നതാണ് സര്‍ക്കാര്‍ നിലപാട്. വികസനപ്രവര്‍ത്തനങ്ങളില്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ക്ക് മതിയായ നഷ്ടപരിഹാരങ്ങള്‍ സര്‍ക്കാര്‍ നല്‍കും. വിമര്‍ശനങ്ങള്‍ക്ക് വേണ്ടിയുള്ള വിമര്‍ശനങ്ങളിലൂടെ സര്‍ക്കാരിനെ വികസന പദ്ധതികളില്‍ നിന്ന് പിന്തിരിപ്പിക്കാനാകില്ല. വികസന പ്രവര്‍ത്തനങ്ങളുടെ പേരില്‍ പ്രകൃതിക്ക് ദോഷം ഉണ്ടാക്കുന്നതിന് തങ്ങള്‍ എതിരാണ്. പരിസ്ഥിതിയോട് ചേര്‍ന്നുള്ള സുസ്ഥിര വികസനമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. മുഖ്യമന്ത്രി വ്യക്തമാക്കി.
