നരിപ്പറ്റയില്‍ വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി
കക്കട്ടില്‍: നരിപ്പറ്റ പഞ്ചായത്തിലെ ഉറിതൂക്കി മല, കാപ്പി, മേലെകാപ്പി, കുട്ടി തണ്ണീര്‍മല, കമ്മായി എന്നിവിടങ്ങളില്‍ വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി. കഴിഞ്ഞ ദിവസങ്ങളിലും ഈ ഭാഗത്ത് ആനകള്‍ വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. ആനകളുടെ ആക്രമം ഭയന്ന് കുട്ടി തണ്ണീമ്മല് നാണു, പ്രവീഷ്, മനോജന് എന്നിവരുടെ കുടുംബങ്ങള്‍ വീടൊഴിഞ്ഞു പോയിരിക്കയാണ് .
ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ കാപ്പി മലയിലെയും, മേലെ കാപ്പി മലയിലെയും ചെറുവത്ത് കണാരന്, ഉണിലന്‍മാക്കൂല്‍ സജീവന്, കാപ്പിയില്‍ ഗോപാലന്, കാപ്പിയില്‍ അനന്തന്, നടുത്തറ ചന്ദ്രന്, ജാതിയോറ അനന്തന്, കാപ്പിയില്‍ മമ്മൂട്ടി, കരടി പറമ്ബത്ത് ഷാജി, കമ്മായി മലയില്‍ ജാനകി, കൈവേലി അശോകന്, ചാത്തു എന്നിവരുടെ കൃഷിയിടത്തിലെ തെങ്ങ്, കവുങ്, വാഴ മറ്റ് ഇടവിളകൃഷികളും ഫലവൃക്ഷങ്ങളുമാണ് കാട്ടാനക്കൂട്ടം പിഴുതെറിഞ്ഞത്. ആനക്കൂട്ടം ജനവാസകേന്ദ്രത്തിലെത്തി ജനജീവിതത്തിന് ഭീഷണി ഉയര്‍ത്തുകയും കൃഷിനാശം വിതയ്ക്കുകയും ചെയ്തിട്ടും ഉത്തരവാദപ്പെട്ട വനംവകുപ്പ് അധികൃതരുടെ നിസ്സംഗതയില്‍ ജനം പ്രതിഷേധത്തിലാണ്.

കാട്ടാനക്കൂട്ടങ്ങളെ തടയാന്‍ സര്‍ക്കാര്‍ വനാതിര്‍ത്തിയില്‍ സോളാര്‍ ഫെന്‍സിങ്, ആനക്കെട്ട്, കിടങ്ങുകള്‍ എന്നിവ നിര്‍മിച്ച് കാര്‍ഷിക വിളകള്‍ക്കും കര്‍ഷകരുടെ ജീവനും സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് കര്‍ഷകസംഘം ഏരിയാ കമ്മിറ്റി വനംവകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു.




