നടിയെ ആക്രമിച്ച കുറ്റവാളികളെ ജനകീയ വിചാരണക്ക് വിധേയമാക്കണം : സംവിധായകന് വി എം വിനു

കോഴിക്കോട് > നടിയെ ആക്രമിച്ചതില്‍ പ്രതിഷേധിച്ചും അവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും കോഴിക്കോട്ടെ സിനിമാ ലോകവും ഒത്തുചേര്‍ന്നു. സിനിമാ പ്രവര്‍ത്തകര്‍ക്കു പുറമെ സാംസ്കാരിക പ്രവര്‍ത്തകരും എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരും കൂട്ടായ്മയില്‍ കണ്ണികളായി. മിഠായിത്തെരുവില്‍ എസ് കെ പൊറ്റെക്കാട്ട് പ്രതിമയ്ക്കു സമീപമായിരുന്നു പരിപാടി.
നടിയെ ആക്രമിച്ച കുറ്റവാളികളെ ജനകീയ വിചാരണക്ക് വിധേയമാക്കണമെന്ന് സംവിധായകന് വി എം വിനു പറഞ്ഞു. ഇര ഇരയായി എല്ലാകാലവും അവശേഷിക്കുകയാണ്. നമ്മുടെ നാട് വൃത്തികെട്ട അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. വൈകിട്ട് ആറ് ആകുമ്പോഴേക്കും ചാനലുകളില്‍ ചര്‍ച്ച തുടങ്ങുകയാണ്. ചാനലുകള്‍ ആഘോഷിക്കുകയാണ്. സോഷ്യല്‍ മീഡിയ ആനന്ദിക്കുകയാണ്. അക്രമങ്ങള്‍ എങ്ങനെ അവസാനിപ്പിക്കും എന്നതിനെക്കുറിച്ച് മാത്രം ചര്‍ച്ച നടക്കുന്നില്ല. ശക്തമായ നിയമ നടപടിയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് കൈതപ്രം ദാമോദരന്‍ നമ്പൂതിരി പറഞ്ഞു.
ദീദി ദാമോദരന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

കോഴിക്കോട് നാരായണന് നായര്‍, നിത്യാ ദാസ്, നിര്‍മല്‍ പാലാഴി, തേജ് മെര്വിന്, ശാരദ പാലത്ത്, ബാബു സാമി, സി വി ദേവ്, ഹെന്ന ജയന്ത്, ബിപിന്‍ പ്രഭാകര്‍, അനില്‍ കുഞ്ഞപ്പന്, പി കെ ബാബുരാജ്, പി കെ സുനില്‍കുമാര്‍, പി കെ രാധാകൃഷ്ണന്, ഹരിദാസ്, വേണുഗോപാല്‍, സജിത് പല്ലവി, പി ആര് നാഥന്, ഭാസി മലാപ്പറമ്പ്, കമാല്‍ വരദൂര്‍, കെ അജിത, കെ പി സുധീര, നവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. അനില്‍കുമാര്‍ തിരുവോത്ത് സ്വാഗതം പറഞ്ഞു.

