ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന‌് മടങ്ങുന്നവര്‍ക്ക‌് 22 ഇനങ്ങളുള്ള കിറ്റ‌്

തിരുവനന്തപുരം: മഹാപ്രളയത്തെ അതിജീവിച്ച‌് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന കുടുംബങ്ങള്‍ വീടുകളിലേക്ക‌് മടങ്ങുമ്പോള്‍ ഭക്ഷ്യവസ‌്തുക്കളും അവശ്യസാമഗ്രികളും അടങ്ങുന്ന 22 ഇനങ്ങളുള്ള കിറ്റ‌് നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവായി.
മലവെള്ളപ്പാച്ചിലില്‍ ചെളിക്കളങ്ങളായ വീടുകളിലേക്ക‌് മടങ്ങുന്ന ലക്ഷക്കണക്കിന‌് പ്രളയബാധിതരുടെ വീടുകളില്‍ തീ പുകയ‌്ക്കുന്നതിന‌് സര്‍ക്കാരിന്റെ ഭക്ഷ്യസാമഗ്രികള്‍ തുണയാകും. സപ്ലൈകോയും ഹോര്‍ട്ടികോര്‍പുമാണ‌് ‘ഈ അതിജീവന കിറ്റു’കളിലേക്ക‌് സാധനങ്ങള്‍ പായ്ക്ക് ചെയ്ത് ക്യാമ്പുകളിലെത്തിക്കേണ്ടതെന്ന‌് റവന്യൂ സെക്രട്ടറി പി എച്ച‌് കുര്യന്‍ ഉത്തരവില്‍ വ്യക്തമാക്കി.

സ്വകാര്യവ്യക്തികളും സംഘടനകളും നല്‍കിയ ഭക്ഷ്യവസ്തുക്കളും ഈ കിറ്റില്‍ ഉള്‍പ്പെടുത്തണം. ക്യാമ്ബുകളില്‍ ലഭിച്ച വസ്തുക്കളുടെ കണക്കെടുപ്പ് പൂര്‍ത്തിയാക്കിയശേഷം ബാക്കി ആവശ്യമായ വസ‌്തുക്കള്‍ ഹോര്‍ട്ടികോര്‍പും സപ്ലൈകോയും ശേഖരിച്ച‌് മുഴുവന്‍ ഇനങ്ങളും കിറ്റുകളിലുണ്ടാകുമെന്ന‌് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണം.

ക്യാമ്പുകളില്‍നിന്ന‌് കുടുംബങ്ങള്‍ വീടുകളിലേക്ക‌് മടങ്ങിത്തുടങ്ങുന്നമുറയ്ക്ക് വിതരണം ചെയ്യുമെന്നും ക്യാമ്ബിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കാണ് ഇതിന്റെ മേല്‍നോട്ടമെന്നും സര്‍ക്കാര്‍ അറിയിച്ചു.

