KOYILANDY DIARY.COM

The Perfect News Portal

തോമസ് ചാണ്ടിക്കെതിരെ വീണ്ടും കോടതി പരാമർശം

തിരുവനന്തപുര: കായല്‍ കൈയേറ്റക്കേസില്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ നടപടിയെടുക്കാത്തതിന് സര്‍ക്കാരിനെ ഹൈക്കോടതി വിമര്‍ശിച്ചതോടെ മന്ത്രിയുടെ സ്ഥിതി ഒന്നുകൂടി പരുങ്ങലിലാവുകയാണ്. തോമസ് ചാണ്ടിയോട് രാജിവയ്ക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന വിലയിരുത്തലാണ് തിങ്കളാഴ്ചചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലുണ്ടായത്.കോടതിയിലോ മറ്റ് അധികാരകേന്ദ്രങ്ങളില്‍ നിന്നോ പ്രതികൂല പരാമര്‍ശമുണ്ടാകുന്ന സാഹചര്യം വന്നാല്‍ അപ്പോള്‍ നോക്കാമെന്നായിരുന്നു ധാരണ. എന്നാലിപ്പോള്‍ കോടതി പരാമര്‍ശം വന്നതോടെ പാര്‍ട്ടിയും മുന്നണിയും എന്ത് നിലപാട് എടുക്കുമെന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

സോളാര്‍ വിഷയത്തില്‍ നാളെ നിയമസഭ ചേരാനിരിക്കെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വാളോങ്ങി നില്‍ക്കുന്ന പ്രതിപക്ഷത്തിന് വീണുകിട്ടിയ ആയുധമായും കോടതി പരാമര്‍ശം മാറുകയാണ്. നാളെ നിയമസഭ ചേരുന്പോള്‍ പ്രതിപക്ഷത്തെ പ്രതിക്കൂട്ടിലാക്കിയ സോളാര്‍ റിപ്പോര്‍ട്ടിനെ പ്രതിപക്ഷം പ്രതിരോധിക്കുക ചാണ്ടിക്കെതിരായ കോടതി പരാമര്‍ശം കൊണ്ടായിരിക്കും. ഇതോടെ ഭരണപക്ഷത്തിന് സോളാര്‍ റിപ്പോര്‍ട്ടിലൂടെയുള്ള രാഷ്ട്രീയനേട്ടം വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ കഴിയാതെയും വരും.

സാധാരണക്കാരന്‍ സ്ഥലം കൈയേറിയാലും സര്‍ക്കാരിന് ഇതേ നിലപാടാണോ എന്ന കോടതിയുടെ പരാമര്‍ശം നിസാരമായി തള്ളിക്കളയാനാവുന്നതല്ല. തോമസ് ചാണ്ടി കായല്‍ കൈയേറി നിയമ ലംഘനം നടത്തിയെന്ന ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടും കേസെടുത്ത് നടപടിയിലേക്ക് നീങ്ങാനാവാത്ത പ്രതിസന്ധിയിലായ ഇടതുമുന്നണിയെ ഒന്നുകൂടി ബുദ്ധിമുട്ടിലാക്കുന്നതാണ് കോടതിയുടെ വാക്കാലുള്ള പരാമര്‍ശം. നിയമ ലംഘനം പ്രത്യക്ഷത്തില്‍ തെളിഞ്ഞ സ്ഥിതിക്ക് ചാണ്ടിക്കു മാന്യമായി മന്ത്രിസ്ഥാനം സ്വയം ഒഴിയാന്‍ അവസരം നല്‍കണമെന്ന വാദം ഇടതുമുന്നണിയില്‍ ഉണ്ട്. എന്നാല്‍,​ കോടതി പരാമര്‍ശത്തോടെ ഈ നിലപാടിന്റെ ധാര്‍മികതയാണ് ഇനി ചോദ്യം ചെയ്യപ്പെടുക. നിയമ ലംഘനം ബോദ്ധ്യപ്പെട്ടിട്ടും മന്ത്രി തോമസ് ചാണ്ടിക്കെതിരെ നടപടി സ്വീകരിക്കാതിരുന്നാല്‍ ഭാവിയില്‍ നിലം നികത്തുകയും പുറമ്ബോക്ക് കൈയേറുകയും ചെയ്യുന്ന മറ്റുള്ളവര്‍ക്കെതിരെയും സര്‍ക്കാരിന് കണ്ണടയ്ക്കേണ്ടി വരുമെന്നതും മുന്നണിയെ കുഴക്കുന്നു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *