KOYILANDY DIARY.COM

The Perfect News Portal

തെരുവ് വിളക്കുകള്‍ അണഞ്ഞതില്‍ പ്രതിഷേധിച്ച്‌ വടകരയില്‍ രാത്രിയില്‍ ഓഫീസ് ഉപരോധം

വടകര: തെരുവ് വിളക്കുകള്‍ അണഞ്ഞതില്‍ പ്രതിഷേധിച്ച്‌ വടകരയില്‍ രാത്രിയില്‍ ഓഫീസ് ഉപരോധം. ടൗണില്‍ ആഹ്ലാദ പ്രകടനത്തിനിടെ വൈദ്യുതി വിതരണം നിലച്ചതില്‍ ക്ഷുഭിതരായ ബി.ജെ.പി. പ്രവര്‍ത്തകരാണ് കെ.എസ്.ഇ.ബി. വടകര സൗത്ത് സെക്ഷന്‍ ഓഫീസ് ഉപരോധിച്ചത്. പ്രകടനം പുതിയ സ്റ്റാന്റിലൂടെ കടന്നുപോകുന്നതിനിടയില്‍ തെരുവ് വിളക്കുകള്‍ അടക്കം വൈദ്യുതി വിതരണം നിലച്ചത് ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി. പ്രവര്‍ത്തകര്‍ മണിക്കൂറുകളോളം വടകര സൗത്ത് സെക്ഷന്‍ ഓഫീസ് ഉപരോധിച്ചത്.

ജാഥ പുതിയ സ്റ്റാന്റ് പരിസരത്തെത്തിയതോടെ വൈദ്യുതി നിലയ്ക്കുകയായിരുന്നു. തടസം മാറ്റാന്‍ ബി.ജെ.പി. നേതൃത്വം കെ.എസ്.ഇ.ബി. അധികൃതരോട് ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിച്ചില്ലെന്ന് പറയുന്നു. തുടര്‍ന്ന് ക്ഷുഭിതരായ പ്രവര്‍ത്തകര്‍ ഓഫീസ് ഉപരോധിക്കുകയായിരുന്നു. സംഭവം അറിഞ്ഞ് വന്‍ പൊലീസ് സംഘം സ്ഥലത്തെത്തി. തുടര്‍ന്ന് ബി.ജെ.പി. നേതാക്കളും പൊലീസും കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരും തമ്മില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഉപരോധം അവസാനിപ്പിക്കുകയായിരുന്നു.

വൈദ്യുതി വിതരണം കാര്യക്ഷമമാക്കുമെന്നും ജാഥകളും മറ്റ് ആഘോഷങ്ങളും നടക്കുമ്ബോള്‍ തെരുവ് വിളക്കുകള്‍ കത്തിക്കാനാവശ്യമായ നടപടി എടുക്കുമെന്നുമുള്ള ഉറപ്പിനെ തുടര്‍ന്നാണ് ഉപരോധം അവസാനിപ്പിച്ചത്. ആഹ്ലാദ പ്രകടനത്തിനിടെ തെരുവ് വിളക്ക് അണച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നു ചര്‍ച്ചയില്‍ ബി.ജെ.പി. നേതാക്കള്‍ ആവശ്യപ്പെട്ടു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *