തെരുവുകളില്‍ അന്തിയുറങ്ങുന്നവരുടെ കണക്കെടുക്കാന്‍ പോലീസ് നടപടി തുടങ്ങി

തൃശൂര്‍: നഗരങ്ങളിലെ തെരുവുകളില്‍ അന്തിയുറങ്ങുന്നവരുടെ കണക്കെടുക്കാന്‍ പോലീസ് നടപടി തുടങ്ങി. തൃശൂരിലാണ് പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേര് തെരുവില്‍ അന്തിയുറങ്ങുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. നഗരത്തിലെ കടവരാന്തകളിലും ബസ് സ്റ്റാന്‍ഡിലും പതിവായി നൂറ് കണക്കിന് പേരാണ് സ്ഥിരം അന്തിയുറങ്ങുന്നത്. ഇതില്‍ ഇതര സംസ്ഥാനക്കാരായ സ്ത്രികളും കുട്ടികളും ഉള്‍പ്പെടുന്നുണ്ടെന്നാണ് കണക്കെടുപ്പിന്റെ പ്രാഥമിക വിവരം.
ഇതര ജില്ലകളില്‍ നിന്നും തൃശൂര്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും വീട് വിട്ടിറങ്ങിയവരും ഉള്‍പ്പെടെ പതിവായി രാത്രികാലങ്ങളില്‍ കടവരാന്തകളിലും ബസ് സ്റ്റാന്റിലും കിടന്നുറങ്ങുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരക്കാരുടെ പൂര്ണ്ണവിവരമാണ് പോലീസ് ശേഖരിക്കുന്നത്. തെരുവില്‍ അന്തിയുറങ്ങുന്നവരുടെ ഫോട്ടോ എടുത്ത് സൂക്ഷിക്കുന്നതോടൊപ്പം ഇവരുടെ മേല്‍വിലാസവും അടുത്ത ബന്ധുക്കളുടെ വിവരങ്ങളും ശേഖരിച്ച് പ്രത്യേക രജിസ്റ്റര്‍ തയ്യാറാക്കും.

മാനസിക നില തെറ്റി നഗരത്തില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നവരുടെയും ഫോട്ടോകള്‍ പോലീസ് എടുത്ത് സൂക്ഷിക്കും. നഗരത്തില്‍ നൈറ്റ് പട്രോളിങ്ങ് നടത്തുന്ന പോലീസ് സംഘത്തിനെയാണ് ഇത്തരക്കാരുടെ ഫോട്ടോകള്‍ എടുക്കുന്നതിനും വിവരങ്ങള്‍ ശേഖരിക്കുന്നതിനും ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇതര സംസ്ഥാനക്കാരായ നാടോടി സ്ത്രീകളും കുട്ടികളുമാണ് കുടുതലായി കടവരാന്തകളിലും ബസ് സ്റ്റാന്റിലുമായി അന്തിയുറങ്ങുന്നത്.

ഇവരുടെ സുരക്ഷയും മുന്‍ നിര്‍ത്തിയാണ് പോലീസിന്റെ വിവരം ശേഖരണം. വ്യാപരസ്ഥാപനങ്ങള്‍ക്ക് മുന്നില്‍ വരാന്തയില്‍ അന്തിയുറങ്ങുന്ന ചിലര്‍ കടകള്‍ കുത്തിത്തുറന്ന് കവര്‍ച്ച നടത്തുന്നതും പതിവായതോടെ ഇത്തരം നീക്കങ്ങള്‍ തടയുന്നതിനുള്ള മുന്‍ കരുതലും വിവരശേഖരണം വഴി പോലീസ് ലക്ഷ്യമിടുന്നുണ്ട്.

