തെരഞ്ഞെടുപ്പ് ഡ്യൂട്ടിചെയ്ത അക്ഷയ ജീവനക്കാർക്ക് ഇതുവരെയും വേതനം നൽകിയില്ല

കൊയിലാണ്ടി: 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ പ്രശ്നബാധിത ബൂത്തുകളിൽ വെബ് കാസ്റ്റിംഗ് ഓപ്പറേറ്റർമാരായി പ്രവർത്തിച്ച അക്ഷയ സെന്ററുകളിലെ ജീവനകാർക്ക് മൂന്നു മാസം കഴിഞ്ഞിട്ടും വേതനം ലഭിച്ചില്ലെന്ന് പരാതി. ഐ.ടി. മിഷന്റെ കീഴിൽ ജില്ലാ കലക്ടറാണ് ഇവരെ നിയമിച്ചത്. നിരവധി തവണ വേതനത്തിനായി ആവശ്യപ്പെട്ടെങ്കിലും നാളെ തരാം എന്നു പറഞ്ഞ് അധികൃതർ ഒഴിഞ്ഞു മാറുകയാണെന്ന് അക്ഷയ ജിവനക്കാർ പറഞ്ഞു.
സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ ജില്ലാ കലക്ടർക്കാണ് പണം കൊടുക്കാനു അധികാരമെന്നാണ് അറിയിച്ചത്. എന്നാൽ ജില്ലാ കലക്ടർ കൈമലർത്തുകയാണ്. ഇതെ തുടർന്ന് പ്രത്യക്ഷ സമരപരിപാടികൾക്ക് തയ്യാറെ’ടുക്കുകയാണ് ഇവർ ജില്ലയിൽ 900 ത്തോളം പ്രശ്നബാധിത ബൂത്തുകളിലായി ആയിരത്തോളം പേരാണ് പ്രവർത്തിച്ചത്. മൂന്ന് ദിവസമായിരുന്നു ഇവരുടെ ഡ്യൂട്ടി. ഒരു ദിവസത്തേക്ക് ആയിരം രൂപ വെച്ചാണ് നിശ്ചയിച്ചിരുന്നത്.

