KOYILANDY DIARY.COM

The Perfect News Portal

തൃക്കാക്കര നഗരസഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ച; യു ഡി എഫിനെ വെട്ടിലാക്കി കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍

തൃക്കാക്കര നഗരസഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്ക് രണ്ട് ദിവസം മാത്രം ശേഷിക്കെ യു ഡി എഫിനെ വെട്ടിലാക്കി കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍. അവിശ്വാസ പ്രമേയ ചര്‍ച്ച ബഹിഷ്ക്കരിക്കാന്‍ നിര്‍ദേശിച്ച്‌ ഡി സി സി നല്‍കിയ വിപ്പ്, 5 കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ കൈപ്പറ്റിയില്ല. എ ഗ്രൂപ്പിലെ നാലുപേരും ഐ ഗ്രൂപ്പിലെ ഒരാളുമാണ് ഇതുവരെയും വിപ്പു കൈപ്പറ്റാതെ വിട്ടു നില്‍ക്കുന്നത്.

വ്യാ‍ഴാ‍ഴ്ച്ചയാണ് തൃക്കാക്കരയില്‍ നഗരസഭാ ചെയര്‍പേ‍ഴ്സണ്‍ അജിതാ തങ്കപ്പനെതിരായ എല്‍ ഡി എഫിന്‍റെ അവിശ്വാസ പ്രമേയം ചര്‍ച്ചക്കെടുക്കുന്നത്. ഇതിന്‍റെ ഭാഗമായി ക‍ഴിഞ്ഞ ദിവസം കോണ്‍ഗ്രസ്സ് കൗണ്‍സിലര്‍മാര്‍ക്ക് ഡിസിസി വിപ്പ് നല്‍കിയിരുന്നു.അവിശ്വാസ പ്രമേയ ചര്‍ച്ച ബഹിഷ്ക്കരിക്കാന്‍ നിര്‍ദേശിച്ച്‌ നല്‍കിയ വിപ്പ് കൈപ്പറ്റാന്‍ 5 കോണ്‍ഗ്രസ്സ് കൗണ്‍സിലര്‍മാര്‍ ഇതുവരെ തയ്യാറായിട്ടില്ല. ചെയര്‍പേ‍ഴ്സനെതിരെ ഇടഞ്ഞു നില്‍ക്കുന്ന എ ഗ്രൂപ്പിലെ വി ഡി സുരേഷ്, രാധാമണി പിള്ള,സ്മിത സണ്ണി, ജോസ് കളത്തില്‍ എന്നിവരും ഐ വിഭാഗത്തില്‍ നിന്നും ഹസീന ഉമ്മറുമാണ് വിപ്പ് കൈപ്പറ്റാതിരുന്നത്.

നാല്‍പ്പത്തിമൂന്നംഗ കൗണ്‍സിലില്‍ നാല് സ്വതന്ത്രരുടെ പിന്തുണയോടെ ഭരിക്കുന്ന യു ഡി എഫിനെ ഇത് വെട്ടിലാക്കിയിരിക്കുകയാണ്.നാല് സ്വതന്ത്രരുടെ പിന്തുണ ഏറെക്കുറെ യു ഡി എഫ് ഉറപ്പാക്കിയിട്ടുണ്ടെങ്കിലും കോണ്‍ഗ്രസ്സ് കൗണ്‍സിലര്‍മാരുടെ നിലപാട് ഡി സി സി നേതൃത്വത്തിന് വലിയ തലവേദനയായി മാറിയിരിക്കുകയാണ്. ഇടഞ്ഞു നില്‍ക്കുന്നവരെ അനുനയിപ്പിക്കാന്‍ പലവട്ടം ജില്ലാ നേതൃത്വം ചര്‍ച്ചനടത്തിയെങ്കിലും ചെയര്‍പേ‍ഴ്സനെതിരായ നിലപാടില്‍ അവര്‍ ഉറച്ചുനിര്‍ക്കുകയാണ്. ഐ ഗ്രൂപ്പുകാരിയായ ചെയര്‍പേ‍ഴ്സന്‍ അജിതാ തങ്കപ്പന്‍റെ നടപടികളില്‍ ഭരണപക്ഷത്തു നിന്നുതന്നെ ശക്തമായ എതിര്‍പ്പുയര്‍ന്ന സാഹചര്യത്തിലാണ് അവിശ്വാസ പ്രമേയ ചര്‍ച്ചക്കുപോലും നില്‍ക്കേണ്ടെന്ന് കോണ്‍ഗ്രസ്സ് നേതൃത്വം തീരുമാനിച്ചത്.

Advertisements

എന്നാല്‍ വിപ്പുകൈപ്പറ്റാത്ത കൗണ്‍സിലര്‍മാര്‍ എന്തു നിലപാടെടുക്കുമെന്നതാണ് യു ഡി എഫിനെ ആശങ്കയിലാക്കുന്നത്. അതേസമയം ഓണക്കോടിക്കൊപ്പം ചെയര്‍പേ‍ഴ്സന്‍ കൗണ്‍സിലര്‍മാര്‍ക്ക് 10,000 രൂപ നല്‍കിയെന്ന പരാതിയില്‍ വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ചെയര്‍പേ‍ഴ്സനെതിരായ തെളിവുകളുടെ അടിസ്ഥാനത്തില്‍ പരാതിയില്‍ ക‍ഴമ്ബുണ്ടെന്ന വിജിലന്‍സ് ത്വരിതാന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഡയറക്ചറുടെ നടപടി. ഇതില്‍ ശക്തമായ അന്വേഷണമുള്‍പ്പടെ തുടര്‍നടപടികള്‍ക്ക് സാധ്യത നിലനില്‍ക്കെയാണ് പ്രതിപക്ഷം അവിശ്വാസത്തിന് നോട്ടീസ് നല്‍കിയത്.

Share news

Leave a Reply

Your email address will not be published. Required fields are marked *