KOYILANDY DIARY.COM

The Perfect News Portal

തൂത്തുക്കുടി പ്രക്ഷോഭം:വെടിവയ‌്പില്‍ 12 മരണം

ചെന്നൈ> തമിഴ‌്നാട്ടിലെ തൂത്തുക്കുടിയില്‍ മലിനീകരണമുണ്ടാക്കുന്ന സ‌്റ്റെര്‍ലൈറ്റ‌് കോപ്പര്‍പ്ലാന്റിനെതിരായ ജനകീയസമരത്തിനുനേരെ പൊലീസ‌് നടത്തിയ വെടിവയ‌്പില്‍ 12 പേര്‍ കൊല്ലപ്പെട്ടു. പ്രക്ഷോഭത്തിന്റെ നൂറാം ദിവസമായ ചൊവ്വാഴ‌്ച രാവിലെ നടത്തിയ കലക്ടറേറ്റ‌് മാര്‍ച്ചിനുനേരെയാണ‌് വെടിവയ‌്പുണ്ടായത‌്. വെടിവയ‌്പിലും ലാത്തിച്ചാര്‍ജിലും 40 പൊലീസുകാര്‍ അടക്കം ഇരുനൂറിലേറെ പേര്‍ക്ക‌് പരിക്കേറ്റു. മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കുണ്ട‌്. കൊല്ലപ്പെട്ടവരില്‍ രണ്ടു യുവതികളും 17വയസുള്ള വിദ്യാര്‍ഥിയും ഉള്‍പ്പെടുന്നു. തമിഴ‌രശന്‍, വിനീത, ഷണ്‍മുഖം, ഗ്ലാഡ‌്സ‌്റ്റണ്‍, വെനിസ‌്ത, ആന്റണി, ജയറാം, കണ്ടയ്യ, മണിരാജ‌് എന്നിവര്‍ മരിച്ചവരില്‍പ്പെടും.

വെടിയേറ്റ അഞ്ചുപേര്‍ അതീവ ഗുരുതരനിലയില്‍ തൂത്തുക്കുടി സര്‍ക്കാര്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത‌്. പരിക്കേറ്റവരില്‍ 20 പേരുടെ നില ഗുരുതരമാണ‌്. പൊലീസ‌് വാഹനവും നിരവധി ബൈക്കും അഗ്നിക്കിരയാക്കി. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ തൂത്തുക്കുടി കലക്ടര്‍ എന്‍ വെങ്കിടേഷ‌് 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഭവത്തെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി ഉത്തരവിട്ടു.

കടുത്ത പാരിസ്ഥിതിക പ്രശ‌്നങ്ങളും മലിനീകരണവും ആരോഗ്യപ്രശ‌്നങ്ങളും ഉണ്ടാക്കുന്ന സ‌്റ്റെര്‍ലൈറ്റ‌് കോപ്പര്‍പ്ലാന്റ‌് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട‌് ഫെബ്രുവരി അവസാനവാരംമുതല്‍ ജനങ്ങള്‍ പ്രക്ഷോഭത്തിലാണ‌്. സമാധാനപരമായി നടക്കുന്ന പ്രക്ഷോഭത്തെ സര്‍ക്കാര്‍ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ചാണ‌് ചൊവ്വാഴ‌്ച കലക്ടറേറ്റ‌് മാര്‍ച്ച‌് സംഘടിപ്പിച്ചത‌്. നിരോധനാജ്ഞ ലംഘിച്ച‌് ഇരുപതിനായിരത്തിലേറെ പേര്‍ അണിനിരന്ന മാര്‍ച്ച‌് കലക്ടറേറ്റ‌് പരിസരത്ത‌് എത്തുന്നതിനുമുമ്ബ‌് പൊലീസ‌് തടഞ്ഞതോടെ സംഘര്‍ഷമായി.

Advertisements

തുടര്‍ന്ന‌് പൊലീസും പ്രക്ഷോഭകരും ഏറ്റുമുട്ടി. പൊലീസ‌് ലാത്തിച്ചാര്‍ജ‌് നടത്തിയെങ്കിലും ജനക്കൂട്ടം പിരിഞ്ഞുപോയില്ല. ജനങ്ങള്‍ക്കുനേരെ പലതവണ കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിച്ചു. ഇതിനിടയിലാണ‌് പൊലീസ‌് വെടിവച്ചത‌്.

വെടിവയ‌്പില്‍ ആറുപേര്‍ തല്‍ക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ‌് തൂത്തുക്കുടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ മൂന്നുപേര്‍ രാത്രി ഏഴരയോടെ മരിച്ചു. പരിക്കേറ്റവരില്‍ അഞ്ചുപേരുടെ നില അതീവ ഗുരുതരമാണെന്ന‌് ആശുപത്രി അധികൃതര്‍ പറഞ്ഞു. മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം വിളിച്ചുചേര്‍ത്തു. സ്ഥലത്ത‌് രണ്ടായിരത്തിലേറെ പൊലീസുകാരെ വിന്യസിച്ചു.

പൊലീസ‌് വെടിവയ‌്പില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക‌് സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക‌് മൂന്നു ലക്ഷവും മറ്റുള്ളവര്‍ക്ക‌് ഒരു ലക്ഷം രൂപവീതവും ചികിത്സാസഹായവും പ്രഖ്യാപിച്ചിട്ടുണ്ട‌്.

സ്ഥലത്ത‌് കനത്ത സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ‌്. തമിഴ‌്നാട‌് ഡിജിപി ടി കെ രാജേന്ദ്രന്‍, കലക്ടര്‍ എന്‍ വെങ്കിടേഷ‌്, ദക്ഷിണമേഖലാ ഐജി ശൈലേഷ‌്കുമാര്‍ യാദവ‌് എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ‌്- ഉദ്യോഗസ്ഥസഘം സ്ഥലത്ത‌് ക്യാമ്ബ‌് ചെയ്യുന്നു. കമ്ബനി അടച്ചുപൂട്ടാതെ പ്രക്ഷോഭരംഗത്തുനിന്ന‌് പിന്മാറില്ലെന്ന‌് പ്രവര്‍ത്തകര്‍ പറഞ്ഞു.കൂട്ടക്കൊലയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത‌് മുഖ്യമന്ത്രി രാജിവയ‌്ക്കണമെന്ന്‌ സിപിഐ എം തമിഴ‌്നാട‌് സംസ്ഥാനകമ്മിറ്റി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്ന‌് മക്കള്‍ നീതി മയ്യം നേതാവ‌് കമല്‍ ഹാസനും നടന്‍ രജനികാന്തും പറഞ്ഞു

Share news

Leave a Reply

Your email address will not be published. Required fields are marked *