തിരുവനന്തപുരത്തെ വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാക്കി മാറ്റും: മന്ത്രി കടകംപള്ളി സുരേന്ദ്രന്

തിരുവനന്തപുരം: ജില്ലയെ വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാക്കി മാറ്റാനുള്ള വിപുലമായ കര്‍മപദ്ധതി നടപ്പാക്കുകയാണെന്നു ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ഇതു പൂര്‍ത്തിയാകുന്നതോടെ തിരുവനന്തപുരത്തിന്റെ മുഖഛായ മാറുമെന്നും അദ്ദേഹം പറഞ്ഞു. ആക്കുളം ടൂറിസ്റ്റ് വില്ലേജില്‍ പൂര്‍ത്തീകരിച്ച വികസന പദ്ധതികളും നവീകരണ പ്രവൃത്തികളും നാടിനു സമര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുകയാണു സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
കോവളം, ശംഖുമുഖം, വേളി, പൊന്മുടി തുടങ്ങിയ പ്രധാന ടൂറിസം കേന്ദ്രങ്ങളുടെ നവീകരണത്തിനു തുടക്കമിട്ടുകഴിഞ്ഞു. ഇതിനൊപ്പം മുടങ്ങിക്കിടക്കുന്ന മറ്റു പദ്ധതികളുടെ നവീകരണത്തിനും മുന്‍തൂക്കം നല്‍കും. കിഫ്ബിയില്‍നിന്നാണ് ഇതിനുള്ള പണം കണ്ടെത്തുന്നത്. സംസ്ഥാനത്തിന്റെ ടൂറിസം മേഖലയുടെ സമഗ്ര വികസനമാണു സര്‍ക്കാരിന്റെ ലക്ഷ്യമെന്നു മന്ത്രി പറഞ്ഞു. കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ 43,000 കോടി രൂപ ടൂറിസത്തില്‍നിന്നാണു ലഭിക്കുന്നത്.

കാര്‍ഷിക മേഖല കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ക്കു ജോലി നല്കുന്ന മേഖലകൂടിയാണ് ടൂറിസം. ഇതു മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ പുതിയ ടൂറിസം നയം കൊണ്ടുവന്നത്. വിനോദ സഞ്ചാര മേഖലയുടെ വികസനത്തില്‍ പിന്നിലായിരുന്ന ഉത്തരമലബാറിനടക്കം വലിയ പ്രാധാന്യം നല്‍കിയുള്ള വികസന പ്രവര്‍ത്തനങ്ങളാണ് ഇതിന്റെ തുടര്‍ച്ചയായി നടന്നുവരുന്നതെന്നും മന്ത്രി പറഞ്ഞു.

ആക്കുളം ടൂറിസ്റ്റ് വില്ലേജില്‍ നടന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും എ.ഡി.എം.സി. വര്‍ക്കിങ് ചെയര്‍പേഴ്സണുമായ ഉഷ ടൈറ്റസ്, ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി, ടൂറിസം ഡയറക്ടര്‍ പി. ബാലകിരണ്‍, വാര്‍ഡ് കൗണ്‍സിലര്‍മാരായ വി.ആര്. സിനി, ജോണ്സണ് ജോസഫ്, ശിവദത്ത്, അനീഷ് കുമാര്‍, മേടയില്‍ വിക്രമന് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

