തിരികെ സ്കൂളിലേക്ക്-കൊയിലാണ്ടി നഗരസഭയിലെ സ്കൂളുകളിൽ മുന്നൊരുക്കങ്ങൾ പൂർത്തിയാകുന്നു

കൊയിലാണ്ടി: നവംബർ 1ന് സ്കൂൾ തുറക്കുന്നതിന്റെ മുന്നോടിയായി നഗരസഭയിലെ സ്കൂളുകളിലെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറവക്കൊടിയുടെ നേതൃത്വത്തിൽ അംഗങ്ങൾ വിദ്യാലയങ്ങൾ സന്ദർശിച്ചു. എല്ലാ വിദ്യാലയങ്ങളും നല്ല മുന്നൊരുക്കങ്ങൾ നടത്തിക്കഴിഞ്ഞിട്ടുണ്ട്. പുതിയ പിടി എ കമ്മറ്റികളും രൂപീകരിച്ചു കഴിഞ്ഞു. ക്ലാസ് പിടിഎ കൾ നടത്തി രക്ഷിതാക്കൾക്ക് ബോധവത്കരണം നടത്തിയിട്ടുണ്ട്.ആരോഗ്യ ക്ലാസുകളും ആസൂത്രണം ചെയ്തു കഴിഞ്ഞതായും നിജില പറഞ്ഞു.

സ്കൂൾ തുറക്കുന്നതിന്റെ മുന്നോടിയായി പരിസരം ശുചീകരിക്കുന്നതിന് നഗരസഭാ തൊഴിലുറപ്പ് തൊഴിലാളികളെ ചുമതലപ്പെടുത്തി. ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ശുചിത്വ പരിശോധന നടത്തുകയും എല്ലാ സ്കൂളുകളിലേക്കും ടോയ്ലെറ്റ് കിറ്റുകൾ നൽകുന്നതിന് നടപടി സ്വീകരിക്കുകയും ചെയ്തു. തിരികെ സ്കൂളിലേക്ക് എന്ന സന്ദേശം ഏറ്റെടുത്തു കൊണ്ട് നഗരസഭാ കൗൺസിലർമാർ, അധ്യാപകർ, പിടിഎ, എസ്.എസ്.ജി എന്നിവരുടെ സംയുക്ത പ്രവർത്തനം നടന്നു വരുന്നതായും നിജില പറവക്കൊടി പരഞ്ഞു.


