KOYILANDY DIARY.COM

The Perfect News Portal

തലസ്ഥാന ജില്ലയിലെ തീരപ്രദേശങ്ങളിലുണ്ടായ കടല്‍ക്ഷോഭം രൂക്ഷമായി തുടരുന്നു

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് തലസ്ഥാന ജില്ലയിലെ തീരപ്രദേശങ്ങളിലുണ്ടായ കടല്‍ക്ഷോഭം രൂക്ഷമായി തുടരുന്നു. വലിയതുറ, പൂന്തുറ, ചെറിയതുറ, അടിമലത്തുറ, വിഴിഞ്ഞം, അഞ്ചുതെങ്ങ് എന്നീ മേഖലകളിലാണ് കടല്‍ക്ഷോഭം തുടരുന്നത്. 200-ല്‍പരം കുടുംബങ്ങളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. 220 വീടുകള്‍ക്ക് കേട് പറ്റിയതായി റവന്യു ഉദ്യോഗസ്ഥരുടെ സംഘം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മഴ കനത്തതോടെ ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചിരിക്കുന്നവരുടെ സ്ഥിതി വളരെ ദയനീയമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം കേരളതീരത്തേക്ക് വന്നതിനാല്‍ വ്യാഴാഴ്ച വരെ കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഏഴു സെന്റിമീറ്റര്‍ മുതല്‍ 24 സെന്റിമീറ്റര്‍ വരെ കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കൂടാതെ മത്സ്യത്തൊഴിലാളികള്‍ക്കും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പടിഞ്ഞാറന്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 45 മുതല്‍ 70 കിലോ മീറ്റര്‍ വരെയാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്.

Share news