ജസ്റ്റിസ് കമാല്‍പാഷയുടെ നടപടി വിധിയുടെ നിഷ്പക്ഷതയില്‍ സംശയമുണര്‍ത്തുന്നു: അഡ്വ കെ വിശ്വന്
തലശേരി> ഷുക്കൂര്‍ കേസില്‍ സിബിഐ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രം സംബന്ധിച്ച് മാധ്യമങ്ങളുടെ മുന്നില്‍വന്ന് വാദിച്ച റിട്ട. ജസ്റ്റിസ് കെമാല്‍പാഷയുടെ നടപടി വിധിയുടെ നിഷ്പക്ഷതയെക്കുറിച്ച് തന്നെ സംശയമുയര്‍ത്തുന്നതാണെന്ന് പ്രതിഭാഗം അഭിഭാഷകന് കെ വിശ്വന്.
കേരള ഹൈക്കോടതിയുടെ ഔന്നത്യവും അന്തസും മഹനീയമായ പാരമ്ബര്യവും കളഞ്ഞുകുളിക്കുന്ന നടപടിയാണിത്. ഹൈക്കോടതിവിധിക്കെതിരായ റിവിഷന്‍ ഹരജി സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കെ വിധി പ്രസ്താവിച്ച സിംഗിള്‍ബെഞ്ച് ജഡ്ജി പരസ്യമായി പ്രതികരിച്ചത് ശരിയായ നടപടിയല്ല.

നിഷ്പക്ഷമായാണ് വിധി പ്രസ്താവിച്ചതെന്നതിലടക്കം സംശയം ജനിപ്പിക്കുന്നതാണ് ഇപ്പോഴത്തെ അദ്ദേഹത്തിന്റെ നടപടി. മുസ്ലിംലീഗിന്റെയും പ്രതിഭാഗത്തിന്റെയും വക്കാലത്ത് റിട്ട. ജസ്റ്റിസ് ഏറ്റെടുത്തിട്ടുണ്ടെങ്കില്‍ അക്കാര്യം പരസ്യമായി പറയണം. വിധിയെ ന്യായീകരിച്ച് ഇതുപോലെ ചര്‍ച്ചയില്‍ പങ്കെടുത്ത ന്യായാധിപര്‍ കേരള ഹൈക്കോടതിയുടെ ചരിത്രത്തിലുണ്ടായിട്ടുണ്ടോ? രാഷ്ട്രീയപ്രവര്‍ത്തകനെ പോലെയാണ് അദ്ദേഹം ചാനലുകളില്‍ വന്ന് വാദിച്ചതും മാധ്യമങ്ങളോട് പ്രതികരിച്ചതും.

ഇദ്ദേഹത്തിന്റെ കീഴില്‍ പ്രവര്‍ത്തിച്ച നിരവധി ന്യായാധിപര്‍ ഇപ്പോഴും ഹൈക്കോടതിയിലുണ്ട്. വിധി പ്രസ്താവിച്ച ജഡ്ജിയുടെ അഭിപ്രായം ഹൈക്കോടതിയെയടക്കം സ്വാധീനിക്കാനിടയാക്കും. നിഷ്പക്ഷവും സ്വതന്ത്രവും സത്യസന്ധവുമായ നീതിനിര്‍വഹണത്തിലുള്ള ഇടപെടലാണിത്. പ്രതിഭാഗം അഭിഭാഷകനെ പോലെയാണ് ചാനലുകളില്‍ അദ്ദേഹം വാദിച്ചത്. നിഷ്പക്ഷ മുഖംമൂടിയും റിട്ട്. ജസ്റ്റിസ് എന്ന മേലങ്കിയും അഴിച്ചുവെച്ച് അഭിഭാഷക കോട്ടണിഞ്ഞ് കോടതിയില്‍ പ്രതിഭാഗത്തിനായി വാദിക്കുകയാണ് അദ്ദേഹത്തിന് ഇതിലും നല്ലതെന്നും അഡ്വ കെ വിശ്വന് പ്രതികരിച്ചു.




