ജനകീയ കണ്വെന്ഷന്
 
        വടകര: തിരുവള്ളൂര്‍, ചെറുവണ്ണൂര്‍ പഞ്ചായത്തുകളിലെ വൃക്ക രോഗികള്‍ക്ക് ആശ്വാസമേകാന്‍ മുയിപ്പോത്ത് ക്രസന്റ് കെയര്‍ ഹോം വടകര തണലുമായി സഹകരിച്ച് സജ്ജമാക്കുന്ന ക്രസന്റ് തണല്‍ ഡയാലിസിസ് യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ തിരുവള്ളുര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ജനകീയ കണ്വെന്ഷന് ചേര്‍ന്നു. മുയിപ്പോത്ത് ടൗണിനടുത്ത് 10 ഡയാലിസിസ് മെഷീനുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ജലസമൃദ്ധമായ കിണറോടുകൂടിയ കെട്ടിടം പണിതീര്‍ത്തിട്ടുണ്ട്.
ഒന്നാംഘട്ടത്തില്‍ 5 മെഷീനുകളാണ് പ്രവര്‍ത്തനസജ്ജമാക്കുക. മുകള്‍നിലയില്‍ പ്രവര്‍ത്തിക്കുന്ന സെന്ററിലേക്ക് റാംപ് നിര്‍മ്മിക്കേണ്ടതുണ്ട്. മുറികള്‍ എയര്‍കണ്ടീഷന്‍ ചെയ്യുക, മെഷീനുകള്‍ ഇന്‍സ്റ്റോള്‍ ചെയ്യുക തുടങ്ങിയ പ്രവൃത്തികളും ചെയ്യേണ്ടതുണ്ട്. മൊത്തം ഒരു കോടി രൂപയാണു ചെലവു പ്രതീക്ഷിക്കുന്നത്. ഇത് തിരുവള്ളൂര്‍, ചെറുവണ്ണൂര്‍ പഞ്ചായത്തുകളില്‍ നിന്ന് ജനകീയ വിഭവ സമാഹരണത്തിലൂടെ ശേഖരിക്കാനാണ് ഉദ്ദേശിക്കുന്നത്. തിരുവള്ളൂര്‍ പഞ്ചായത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ആണ് യോഗം ചേര്‍ന്നത്. ചെറുവണ്ണൂര്‍ പഞ്ചായത്തിലെ യോഗം പതിനാലിന് നടക്കും. വിഭവ സമാഹരണത്തിനായി വിവിധ കര്‍മ്മ പരിപാടികള്‍ നടപ്പാക്കും.

ജനകീയ കണ്വെന്ഷന് തിരുവള്ളൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ. മോഹനന് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി.വി.സഫീറ അദ്ധ്യക്ഷം വഹിച്ചു. ഡോക്ടര്‍ ഇദ്രീസ് മുഖ്യപ്രഭാഷണം നടത്തി. എന്‍.അഹമ്മദ്, എഫ് എം മുനീര്‍, ആര്.കെ.മുഹമ്മദ്, വടയക്കണ്ടി നാരായണന്, എം. സി. പ്രേമചന്ദ്രന്, ആര്. രാമകൃഷ്ണന്, സി.കെ.സൂപ്പി, എം.വി. അഹമ്മദ് ഹാജി, കെ.കെ. മോഹനന്, കുണ്ടാറ്റില്‍ മൊയ്തു, കെ കെ ബാലകൃഷ്ണന്, കണ്ണോത്ത് സൂപ്പി ഹാജി, പി ബാലകൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു.

എ. മോഹനന് (ചെയര്മാന്),ആര്.കെ. മുഹമ്മദ് (ജനറല്‍ കണ്‍വീനര്‍), വടയക്കണ്ടി നാരായണന് (കോ-ഓര്‍ഡിനേറ്റര്‍) ആയി കമ്മിറ്റി രൂപീകരിച്ചു.വാര്‍ഡ് തലങ്ങളില്‍ വാര്‍ഡ് മെമ്ബര്‍ ചെയര്മാന് ആയി കമ്മിറ്റി രൂപീകരിക്കും.



 
                        

 
                 
                