ചീമേനി തുറന്ന ജയിലില്‍ നടന്ന ഗോപൂജ കടുത്ത നിയമലംഘനം : മുഖ്യമന്ത്രി

കാസര്‍കോട്: ഫെബ്രുവരി ആദ്യ വാരം കാസര്‍കോട് ചീമേനി തുറന്ന ജയിലില്‍ നടന്ന ഗോപൂജ വിവാദമാവുന്നു. ജയിലില്‍ നടന്നത് കടുത്ത നിയമലംഘനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈശ്വരന്റെ പേരിലായാല്‍ പോലും നിയമത്തില്‍ നിന്നും വ്യതിചലിക്കാന്‍ പാടില്ലെന്നും തെറ്റ് തെറ്റ് തന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഫെബ്രുവരി അഞ്ചാം തീയതിയാണ് ജയിലില്‍ ഗോപൂജ നടന്നത്. കര്‍ണാകയിലെ മഠം അധികൃതര്‍ ജയിലിലേക്ക് പശുക്കളെ കൈമാറുന്ന ചടങ്ങിന്റെ ഭാഗമായിരുന്നു പൂജ. ചടങ്ങിന്റെ വീഡിയോ പുറത്തുവന്നതോടു കൂടി സംഭവം വിവാദമാവുകയായിരുന്നു. ഇതോടെയാണ് മുഖ്യമന്ത്രി പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

ജനുവരി ഒന്നിന് ഹൊസനഗര രാമചന്ദ്രപുര മഠാധിപതി രാഘവേശ്വര ഭാരതി സ്വാമിയുടെ നേതൃത്വത്തിലായിരുന്നു പൂജ. നിലവിളക്ക് കൊളുത്തിയുള്ള ചടങ്ങില്‍ ഗോ മാതാ കീ ജയ് വിളിയും ഉയര്‍ന്നു. പൂജ നടന്നെന്ന് അംഗീകരിച്ച ജയില്‍ സൂപ്രണ്ട്, മഠാധിപതിയുടെ അനുചരന്മാരാണ് ജയ് വിളിച്ചതെന്നു പറഞ്ഞതായി സൗത്ത്ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കൃഷിത്തോട്ടത്തിനായി പശുക്കളെ തേടി നേരത്തെ ജയില്‍ അധികൃതര്‍ നിരവധി പേരെ സമീപിച്ചിരുന്നു. ഇതിനിടെയാണ് പശുക്കളെ സംഭാവന ചെയ്യാന്‍ സന്നദ്ധരായ കര്‍ണാടകയിലെ ഹൊസനഗര മഠം ഗോശാല രംഗത്തെത്തിയത്. രണ്ട് ലക്ഷം രൂപ വിലവരുന്ന 20 കുള്ളന്‍ പശുക്കളെയാണ് മഠം സംഭാവന ചെയ്തത്.

