ചിറ്റാരിക്കടവ് റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മാണ പ്രവൃത്തി അന്തിമഘട്ടത്തില്‍

കൊയിലാണ്ടി: കൊയിലാണ്ടി-ബാലുശ്ശേരി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന ചിറ്റാരിക്കടവ് റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണ പ്രവൃത്തി അന്തിമഘട്ടത്തില്‍. ജനുവരിയോടെ പ്രവൃത്തി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. പാലത്തിലേക്കുള്ള സമീപന റോഡുകളുടെ നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണ്.
എട്ടുമീറ്റര്‍ വീതിയിലാണ് റോഡുനിര്‍മിക്കുന്നത്. റോഡിന്റെ കോണ്‍ക്രീറ്റ് സംരക്ഷണഭിത്തിയുടെ നിര്‍മാണമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതില്‍ മണ്ണുനിറച്ച് ടാര്‍ചെയ്യണം. റോഡു നിര്‍മാണത്തിന് പാലത്തിന്റെ ഇരുവശത്തുമായി 13 വൈദ്യുതക്കാലുകള്‍ മാറ്റണം. ഇതില്‍ ഒരു കാല് പെട്ടെന്നുതന്നെ മാറ്റിസ്ഥാപിച്ചാലേ റോഡുപണി നടക്കുകയുള്ളൂ. ഇക്കാര്യത്തിലടക്കമുള്ള തടസ്സങ്ങള്‍ നീക്കാന്‍ ഡിസംബര്‍ 13-ന് കെ. ദാസന് എം.എല്‍.എ. വിവിധ വകുപ്പുദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്.

കെ. ദാസന് എം.എല്‍.എ. തിങ്കളാഴ്ച റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ പ്രവൃത്തി വിലയിരുത്താന്‍ ചിറ്റാരിക്കടവിലെത്തി. മൊത്തം 16 ഷട്ടറുകളാണ് റെഗുലേറ്റര്‍ കം ബ്രിഡ്ജിനുള്ളത്. ഓരോ സ്പാനിനിടയിലും രണ്ടുവീതം ഷട്ടറുകളുണ്ട്. ഷട്ടറുകള്‍ താഴ്ത്താനും ഉയര്‍ത്താനും ജനറേറ്റര്‍ സ്ഥാപിക്കുന്നുണ്ട്. ജനറേറ്റര്‍ മുറിയുടെ പണിയും നടക്കുന്നുണ്ട്. ചിറ്റാരിക്കടവ് റെഗുലേറ്റര്‍ കം ബ്രിഡ്ജ് നബാര്‍ഡിന്റെ സാമ്ബത്തിക സഹായത്തോടെ 20.18 കോടി രൂപ ചെലവിലാണ് നിര്‍മിക്കുന്നത്.

ചിറ്റാരിക്കടവില്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മിച്ച് രാമന്‍പുഴയിലെ വെള്ളം കാര്‍ഷികാവശ്യത്തിനും ജലസേചനത്തിനും പ്രയോജനപ്പെടുത്തുന്നതിന് 2009-ല്‍ മലബാര്‍ ഇറിഗേഷന്‍ പ്രോജക്ടില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി ആസൂത്രണംചെയ്തത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കാണ് നിര്‍മാണക്കരാര്‍.

